കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഐഫോണ്‍ പരിശോധിച്ച സാങ്കേതിക വിദഗ്ധന്‍ അപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി. തൃശൂര്‍ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടില്‍ (42) ആണ് അപകടത്തില്‍ മരിച്ചത്.
സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര, സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട സലീഷിന്റെ ഭാര്യയുടെയും മക്കളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം സഹോദരന്‍ ശിവദാസ് വെട്ടിയാട്ടിലാണ് അപകടമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതി ക്രൈംബ്രാഞ്ചിനു കൈമാറിയതായി അങ്കമാലി പൊലീസ് അറിയിച്ചു.
സലീഷ് ഉറങ്ങിപ്പോയതു കൊണ്ടാണ് അപകടമുണ്ടായതെന്ന അനുമാനത്തില്‍ അപകടമരണത്തിനാണ് അന്നു കേസ് റജിസ്റ്റര്‍ ചെയ്തതെന്നും അങ്കമാലി പൊലീസ് പറഞ്ഞു. സാധാരണ അപകടമെന്ന നിലയില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി ലോക്കല്‍ പൊലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസായതിനാല്‍ കേസിന്റെ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ പൊലീസ് നിയമോപദേശം തേടി.
സലീഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നടന്‍ ദിലീപിന്റെ ഐഫോണ്‍ സര്‍വീസ് ചെയ്തിരുന്നു. ഇതിനു തൊട്ടടുത്ത ദിവസം 2020 ഓഗസ്റ്റ് 30നാണു അങ്കമാലി ടെല്‍ക്കിനു സമീപം സലീഷ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവോണത്തിനു തലേന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങും വഴിയാണു സലീഷ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്.