ന്യൂഡല്‍ഹി: എന്റിക ലെക്സി കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്‍ക്കെതിരായ കൊലപാതകക്കേസ് തള്ളി ഇറ്റാലിയന്‍ കോടതി. ഇന്ത്യയില്‍ ഇവര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ച് മാസങ്ങള്‍ക്കുള്ളിലാണ് റോമിലെ കോടതിയുടെ നടപടി. കോടതി വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു. നാവികര്‍ക്കെതിരെ വിചാരണ നടത്താന്‍ പാകത്തില്‍ തെളിവുകളില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചത്.
2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്‍, മസിമിലാനോ ലത്തോര്‍ എന്നിവരാണ് പ്രതികള്‍.
കേസില്‍ നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നല്‍കിയ സാഹചര്യത്തില്‍ 2021 ജൂണിലാണ് നാവികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ 2021 മേയ് 21നാണ് ട്രൈബ്യൂണല്‍ വിധിച്ചത്. തുടര്‍ന്ന് നഷ്ടപരിഹാരത്തുകയായ 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ 4 കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും 2 കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സുപ്രീം കോടതിയിലുള്ള അഞ്ച് കേസുകളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കുകയായിരുന്നു. നാവികരെ വിചാരണ ചെയ്യാന്‍ ഇറ്റലിക്കാണ് അധികാരമെന്നും ഇറ്റലിയില്‍ വിചാരണ തുടരുമെന്നുമാണ് അറിയിച്ചിരുന്നത്. റോമിലെ കോടതി കൂടി കേസ് തള്ളിയതോടെ കടല്‍ക്കൊലക്കേസ് എന്നേന്നേക്കുമായി അവസാനിക്കും.