ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും.സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്പത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.
ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ചൊവ്വാഴ്ചയിലെ കാര്യപരിപാടിയിലില്ല. ബജറ്റ് അവതരിപ്പിച്ചശേഷം സഭ ബുധനാഴ്ച രാവിലെ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച ലോക്സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും നടക്കും.
ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.
സ്വാതന്ത്ര്യത്തിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷവേളയിലാണ് എഴുപത്തിയഞ്ചാമത്തെ പൂര്‍ണ ബജറ്റ് ഇന്നവതരിപ്പിക്കപ്പെടുന്നത്. ഇതുവരെയായി 92-ഓളം ബജറ്റ് പ്രസംഗങ്ങള്‍ ഇന്ത്യ കേട്ടു. അതില്‍ പതിനെട്ടെണ്ണം ഇടക്കാല ബജറ്റുകളോ ധനബില്ലുകളോ ആയിരുന്നു. ഫെബ്രുവരി അവസാന പ്രവൃത്തിദിവസമെന്ന കൊളോണിയല്‍ പതിവുമാറ്റി ഫെബ്രുവരി ഒന്നാം തീയതിയില്‍ ബജറ്റവതരിപ്പിക്കുക എന്നരീതി നിലവില്‍ വന്നത് 2017-ലാണ്. പഴയ കൊച്ചി ദിവാനായിരുന്ന അന്നത്തെ ധനമന്ത്രി ആര്‍.കെ. ഷണ്‍മുഖം ചെട്ടിയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യബജറ്റ് അവതരിപ്പിച്ചത്.