തിരുവനന്തപുരം: കെ-റെയിലിന്റെ അര്‍ധാതിവേഗ തീവണ്ടിസര്‍വീസായ സില്‍വര്‍ലൈനിനെപ്പറ്റി കേന്ദ്രബജറ്റില്‍ പരാമര്‍ശമില്ല. ഇതുള്‍പ്പെടെ കേരളം ഉന്നയിച്ച ആവശ്യങ്ങളൊന്നും ബജറ്റില്‍ ഇടംകണ്ടില്ല.
രണ്ടുവര്‍ഷമായി കേരളം സില്‍വര്‍ലൈനിന് കേന്ദ്രാനുമതിയും സാമ്പത്തികസഹായവും തേടുന്നു. സില്‍വര്‍ലൈന്‍ കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചിരുന്നു. ബജറ്റിന്റെ ഭാഗമായ പദ്ധതികളെക്കുറിച്ച് റെയില്‍വേമന്ത്രി അശ്വനികുമാര്‍ വൈഷ്ണവ് നടത്തിയ പത്രസമ്മേളനത്തിലും സില്‍വര്‍ലൈനിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാല്‍, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച നടപടികള്‍ വേഗത്തില്‍ മുന്നേറുകയാണെന്ന് അദ്ദേഹം അറിയിച്ചു.
400 വന്ദേഭാരത് തീവണ്ടികള്‍ അനുവദിച്ചെങ്കിലും ഏതൊക്കെ റൂട്ടിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിന് രണ്ടു തീവണ്ടികളെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാകുന്ന വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചാല്‍ കേരളത്തില്‍ സില്‍വര്‍ലൈനിന്റെ പ്രസക്തി വീണ്ടും ചോദ്യംചെയ്യപ്പെടും.ബജറ്റില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ട് സില്‍വര്‍ലൈനിന് അനുമതി നിഷേധിച്ചെന്ന ധാരണ സര്‍ക്കാരിനില്ല. വിശദപദ്ധതിരേഖ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിശോധിച്ച് നിതി ആയോഗിന്റെ അഭിപ്രായത്തോടെ അംഗീകാരത്തിനായി കേന്ദ്രമന്ത്രിസഭയ്ക്ക് സമര്‍പ്പിക്കണം. നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇത്തവണയും ഫലംകണ്ടില്ല. ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി അനുവദിക്കുക, വായ്പാപരിധി ഉയര്‍ത്തുക, മടങ്ങിവരുന്ന പ്രവാസികള്‍ക്കും പരമ്പരാഗത വ്യവസായമേഖലയ്ക്കും തോട്ടംമേഖലയ്ക്കും പാക്കേജുകള്‍ അനുവദിക്കുക തുടങ്ങിയ 22 ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചത്. അവയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.