മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് കൂടിയായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി വീണ്ടും വിവാദക്കുരുക്കില്‍. ബിസിസിഐയുടെ ചട്ടങ്ങള്‍ ലംഘിച്ച് ഗാംഗുലി സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്നാണ് ആരോപണം. ടീം സിലക്ഷനില്‍ സൗരവ് ഗാംഗുലി കൈകടത്തുന്നതായി ഒരു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഏതാനും ദിവസം മുന്‍പ് നടത്തിയ വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയാണ് പുതിയ വിവാദം. വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം കെട്ടടങ്ങുമ്പോഴാണ് ഗാംഗുലിയെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണം ഉയരുന്നത്.
ഓരോ പരമ്പരയ്ക്കു മുന്‍പും ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ചേരുന്ന സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ സിലക്ടര്‍മാരും ബിസിസിഐ സെക്രട്ടറിയുമാണ് പങ്കെടുക്കേണ്ടത്. സിലക്ഷന്‍ കമ്മിറ്റി യോഗത്തിനു മുന്‍പ് ടീം ക്യാപ്റ്റനുമായും മുഖ്യ പരിശീലകനുമായും സിലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ചര്‍ച്ച നടത്തുന്നതും കീഴ്വഴക്കമാണ്. ഇതിനിടെയാണ് ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി നിര്‍ബന്ധപൂര്‍വം സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്ന വെളിപ്പെടുത്തല്‍.