തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതു സംബന്ധിച്ച് റെയില്‍വേയും കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനും അയച്ച കത്തുകള്‍ അദ്ദേഹം പുറത്തു വിട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കത്തുകള്‍ പുറത്തു വിടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് 2019 ഓഗസ്റ്റില്‍ കേരളം അനുമതി തേടിയതായി മന്ത്രി പറഞ്ഞു. 2019 ഡിസംബറില്‍ ചീഫ് സെക്രട്ടറിക്ക് റെയില്‍വേ അയച്ച കത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തത്വത്തില്‍ അനുമതി നല്‍കി. പ്രാരംഭ നടപടികള്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍, നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായതിനുശേഷം ഇത്തരം വലിയ പദ്ധതികള്‍ ആരംഭിക്കാമെന്ന് 2020 ഓഗസ്റ്റില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് അഫയേഴ്‌സ് ചൂണ്ടിക്കാട്ടി.
5900 കോടി രൂപയുടെ 12 പദ്ധതികളാണ് അപ്പോള്‍ നിര്‍മാണ ഘട്ടത്തില്‍ ഉണ്ടായിരുന്നത്. 37,300 കോടിയുടെ പദ്ധതികള്‍ പ്രാരംഭഘട്ടത്തിലായിരുന്നു. എന്നാല്‍, അതിനു രണ്ടു മാസത്തിനുശേഷം ജൈക്കയും റെയില്‍വേയും കേരളത്തിന്റെ പ്രതിനിധികളും യോഗം ചേര്‍ന്നു. ജൈക്കയുമായി ചേര്‍ന്ന് പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കേന്ദ്രം യോഗത്തില്‍ അനുമതി നല്‍കി. ഇതിനോടൊപ്പം ഭൂമി ഏറ്റെടുക്കാനുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള അനുമതി ലഭിച്ചതായും ധനമന്ത്രി പറഞ്ഞു.