ചെങ്ങന്നൂര്‍: കേന്ദ്രമന്ത്രി വി. മുരളീധരനെയും മറ്റ് ബിജെപി നേതാക്കളെയും അപമാനിച്ചും അവഹേളിച്ചും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്ന യുവാവിനെതിരേ ഒടുവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുരളീധരനെ അപമാനിച്ചതിനല്ല, സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാനെ ചൊറിഞ്ഞ് പോസ്റ്റ് ഇട്ടതിനാണ് കേസ്. നാഗ്പൂരിലുള്ള പ്രതിയെ അവിടെ ചെന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്യും. പൊലീസ് സംഘം ഉടന്‍ തന്നെ നാഗപ്പൂരിലേക്ക് പുറപ്പെടും.
പത്തനംതിട്ട കോയിപ്രം പുല്ലാട് വരയന്നൂര്‍ പൂവത്തുംവീട്ടില്‍ സുനില്‍ പുല്ലാട്, ചെങ്ങന്നൂര്‍ ആലാ സ്വദേശി ടി.ഡി പ്രകാശ് എന്നിവര്‍ക്കെതിരേയാണ് ഐപിസി 153 വകുപ്പ പ്രകാരം കേസെടുത്തിരിക്കുന്നത്. ബിജെപി മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുന്‍പ് പല ബിജെപി നേതാക്കളും തങ്ങളെ അവഹേളിച്ചുവെന്ന് കാട്ടി സുനില്‍ പുല്ലാടിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ, പൊലീസ് ചെറുവിരല്‍ അനക്കിയില്ല. ബി. കൃഷ്ണകുമാറിന്റെ പരാതിയില്‍ തനിക്കൊപ്പം മന്ത്രി സജി ചെറിയാനെ അവഹേളിച്ചുവെന്ന് തെളിവു സഹിതം ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ 31 ന് കിട്ടിയ പരാതിയില്‍ ഇന്നലെയാണ് കേസ് എടുത്തത്.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. സുനില്‍ പുല്ലാട് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരിലാണ് ടി.ഡി പ്രകാശിനെതിരേ കേസ് എടുത്തിട്ടുള്ളത്. കൃഷ്ണകുമാറും ബിഎംഎസ് നേതാവായ ചെങ്ങന്നൂര്‍ ളാഹശേരി ശാന്തഭവനില്‍ സുരേഷ്‌കുമാറും തമ്മില്‍ ചെങ്ങന്നൂര്‍ കിഴക്കേ നട ക്ഷേത്രത്തിന് മുന്നില്‍ വച്ച് സംഘട്ടനം ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ദേശാഭിമാനിയില്‍ ചിത്രം സഹിതം വാര്‍ത്തയും വന്നു.
ഇതിന് പിന്നാലെയാണ് സുനില്‍ പുല്ലാട് കൃഷ്ണകുമാറിനെതിരേ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. അതില്‍ മന്ത്രി സജിചെറിയാന്റെ ബിസിനസ് പങ്കാളിയാണ് കൃഷ്ണകുമാര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനെയും പോസ്റ്റില്‍ അവഹേളിച്ചിട്ടുണ്ട്. സുനിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇനി ഇതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു…..
കേന്ദ്രമന്ത്രി ചുരളീധരന്റെ പ്രഷ്ഠം താങ്ങി ചെങ്ങന്നൂരില്‍ സംഘ പരിവാര്‍ പ്രസ്ഥാനങ്ങളെ ഒറ്റുകൊടുത്ത് പണം സമ്പാദിക്കുന്നവനും CPI(M) കാരുടെ ആശ്രിത വത്സലനും ചെങ്ങന്നൂര്‍ MLA സജി ചെറിയാന്റെ ബിസിനസ്സ് പങ്കാളിയുമായ കൃഷ്ണകുമാറിനെ കൈകാര്യം ചെയ്ത് തൊഴിലാളി നേതാവ് പി. കെ സുരേഷിന് അഭിനന്ദനങ്ങള്‍
……
കോഴഞ്ചേരിയിലും ഇതുപോലൊരു പി കെ സുരേഷ് ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആശിച്ചു പോകുന്നു …..
കാരണം, കോഴഞ്ചരി യില്‍ കാലങ്ങളായി പ്രസ്ഥാനത്തെ മുഴുവനായി വിഴുങ്ങി കൊണ്ടിരിക്കുന്ന രണ്ട് ഹോട്ടല്‍ മുതലാളിമാരെ നിലയ്ക്ക് നിര്‍ത്തേണ്ട സമയം അതികൃമിച്ചിരിക്കുന്നു എന്നത് തന്നെ..
പുല്ലാട് സുനില്‍ ഇതാദ്യമായല്ല ബിജെപി നേതാക്കളെയും സമൂഹത്തിലെ മാന്യന്മാരെയും അധിക്ഷേപിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സാമൂഹിക പ്രവര്‍ത്തകനും പ്രവാസിയും കോയിപ്രം മൂന്‍ ബ്ലോക്ക് പഞ്ചായത്തംഗം അജയകുമാര്‍ വല്യൂഴത്തില്‍ എന്നിവരെ ഇയാള്‍ നിരന്തരം അവഹേളിച്ചിരുന്നു. ഇതിന്റെ പേരില്‍ പത്തനംതിട്ട സൈബര്‍ സെല്‍, എസ്പി എന്നിവര്‍ക്ക് നിരന്തരം പരാതി നല്‍കിയിരുന്നു. ഒരു കേസും രജിസ്റ്റര്‍ ചെയ്യാന്‍ തയാറായിട്ടില്ല. എന്നാല്‍, മന്ത്രി സജി ചെറിയാനും ബിജെപി നേതാവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ ഫേസ് ബുക്ക് പോസ്റ്റ് വന്നതോടെ പൊലീസ് സടകുടഞ്ഞ് എണീറ്റു.
പുല്ലാട് സുനില്‍ നാഗപ്പൂരിലാണുള്ളത്. അവിടെ എത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. താന്‍ ആര്‍എസ്എസ് ആസ്ഥാനത്താണുള്ളതെന്നും അവിടെയെത്തി കേരളാ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്നുമാണ് സുനിലിന്റെ വെല്ലുവിളി. ഇടയ്ക്ക് ഇയാള്‍ സ്വന്തം വീട്ടിലെത്താറുണ്ട്. വിവരമറിഞ്ഞ് എത്തുന്ന, ഇയാള്‍ ഫേസ്ബുക്കിലൂടെ അപമാനിച്ചിട്ടുള്ള നാട്ടുകാര്‍ ഇയാളെ വീട്ടിലെത്തി പഞ്ഞിക്കിടുന്ന പതിവുമുണ്ട്. ഏറ്റവും ഒടുവിലായി നാട്ടില്‍ വന്നപ്പോഴും ഇയാള്‍ക്ക് വീട്ടിനകത്തിട്ട് അടി കിട്ടിയിരുന്നു.