ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി ഈ ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.പദ്ധതിപ്രദേശത്തെ അന്തിമസര്‍വേ, ഭൂവിനിയോഗ രൂപരേഖ, പദ്ധതിക്കുള്ള അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വ്യക്തമാക്കിയത്. തത്ത്വത്തില്‍ അംഗീകാരം എന്നാല്‍, ഭൂമി ഏറ്റെടുക്കലിനുള്ള അനുമതിയല്ലെന്നും പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കുള്ള അനുമതിയാണെന്നും വിശദീകരിച്ചു. ബി.ജെ.പി. നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും തുടര്‍ന്ന് ട്വിറ്ററിലുമായാണ് റെയില്‍വേ മന്ത്രി കേന്ദ്രത്തിന്റെ നിലപാടറിയിച്ചത്.
ഡി.എം.ആര്‍.സി. മുന്‍ മാനേജിങ് ഡയറക്ടര്‍ ഇ. ശ്രീധരന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരാണ് വെള്ളിയാഴ്ച റെയില്‍വേ മന്ത്രിയെ കണ്ടത്. പതിനായിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ചും പരിസ്ഥിതി നശിപ്പിച്ചും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് നേതാക്കള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ സാങ്കേതികപ്രശ്‌നങ്ങള്‍ ഇ. ശ്രീധരന്‍ വിശദീകരിച്ചു. സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) അശാസ്ത്രീയവും അപൂര്‍ണവുമാണ്. നിലവിലുള്ള രീതിയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ പറഞ്ഞു.
ഡി.പി.ആര്‍. അപൂര്‍ണമാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നും മന്ത്രി തങ്ങളോട് വ്യക്തമാക്കിയതായി പിന്നീട് പത്രസമ്മേളനത്തില്‍ ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. തത്ത്വത്തില്‍ അംഗീകാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളെന്താണെന്ന് റെയില്‍വേ വകുപ്പ് കേരളത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. തത്ത്വത്തില്‍ അംഗീകാരം എന്നാല്‍, പദ്ധതിക്ക് അംഗീകാരം നല്‍കിയെന്നോ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നോ അര്‍ഥമില്ല. സാമ്പത്തിക ഇടപാടുകളില്ലാത്ത പ്രാഥമിക തയ്യാറെടുപ്പുകള്‍ നടത്താമെന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ മന്ത്രിമാര്‍ക്ക് ഇക്കാര്യങ്ങളില്‍ സംശയമുണ്ടെങ്കില്‍ ധനവകുപ്പിന്റെയും റെയില്‍വേവകുപ്പിന്റെയും ഇതുസംബന്ധിച്ച വിശദീകരണങ്ങള്‍ വായിച്ചുനോക്കണം. പദ്ധതി അനുവദിക്കാന്‍ പറ്റുമെന്നോ പറ്റില്ലെന്നോ പറയണമെങ്കില്‍ പൂര്‍ണമായ ഡി.പി.ആര്‍. ലഭിക്കണമെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു.