കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ഡിവൈഎസ്പി എം.ബൈജു പൗലോസിന്റെ സ്വകാര്യ കാറിന്റെ നമ്പര്‍ നടന് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി മംഗളൂരുവിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് അയച്ചതായി അന്വേഷണ സംഘം. അപ്പുണ്ണി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഇതേ വാഹനത്തിന്റെ നമ്പര്‍ നടന് ദിലീപിന്റെ ഫോണിലേക്കും അപ്പുണ്ണി എസ്എംഎസായി അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചു.
ദിലീപ് റിമാന്‍ഡിലായിരുന്ന ദിവസങ്ങളിലാണു ബൈജുവിന്റെ കാറിന്റെ നമ്പര്‍ അപ്പുണ്ണി ദിലീപിന്റെ ഫോണിലേക്ക് അയച്ചിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ദിലീപിന്റെ സഹോദരന് പി.അനൂപിന്റെ കൈവശമാണ് ഈ ഫോണ്‍ ഉണ്ടായിരുന്നത്. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കാതിരുന്ന ഫോണിലേക്കാണ് എസ്എംഎസ് എത്തിയതെന്നാണു സംശയം.