പാലക്കാട്: സില്‍വര്‍ലൈന്‍ സംബന്ധിച്ചു കേന്ദ്രത്തിന്റെ തുടര്‍നീക്കം പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് റെയില്‍വേ മന്ത്രാലയം ഉന്നയിച്ച സാങ്കേതിക, സാമ്പത്തിക സംശയങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും സംസ്ഥാനത്തിന്റെ മറുപടി ലഭിച്ചശേഷമുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദ റിപ്പോര്‍ട്ടിനുമേല്‍ നടത്തിയ അനൗദ്യോഗിക പരിശോധനയ്ക്കുശേഷമാണു മന്ത്രാലയം ചില വിശദീകരണങ്ങളും മറ്റും ചോദിച്ചതെന്നാണ് സൂചന.
സില്‍വര്‍ലൈന് അനുമതിയും സഹകരണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് റെയില്‍വേ മന്ത്രാലയത്തിന് കൈമാറിയതായാണ് കഴിഞ്ഞ ദിവസം മെട്രോമാന്‍ ഇ.ശ്രീധരന്‍,കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ് എന്നിവര്‍ റെയില്‍വേ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ വ്യക്തമായത്.
ഒന്നരമണിക്കൂര്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡിപിആറില്‍ അടിസ്ഥാനരഹിതമായ കണക്കുകളും, ഒളിപ്പിച്ചുവച്ച വസ്തുതകളും ഗുരുതരസാങ്കതിക പ്രശ്‌നങ്ങളും ഉണ്ടെന്നു ഇ.ശ്രീധരന്‍ മന്ത്രിയെ ധരിപ്പിച്ചു. റെയില്‍വേ ബോര്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിഭാഗം അംഗവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.