ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രൂക്ഷവ്യാപനത്തിനും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിക്കും കാരണം കോണ്‍ഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ചെയ്ത പാപമാണ് ഇതെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചു.
ആളുകളോട് കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ പറയുന്നത് പോലെ നല്ല കാര്യങ്ങളൊന്നും പ്രതിപക്ഷം ചെയ്തിട്ടില്ല. പക്ഷെ, കോവിഡിന് അവരുടെ സംഭാവന ഒട്ടും ചെറുതല്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യത്ത് കോവിഡ് പടരാന്‍ ഇടയാക്കിയതിലൂടെ അവര്‍ ചെയ്തത് ‘കോവിഡ് പാപ’മാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് ഒന്നാം തരംഗത്തിന്റെ ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങള്‍ നില്‍ക്കുന്നത് എവിടെയാണോ അവിടെ തുടരൂ എന്ന് ലോകാരോഗ്യസംഘടന പോലും നിര്‍ദേശിച്ചപ്പോള്‍ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് വിതരണം ചെയ്ത് കോവിഡ് വ്യാപനത്തിന് കാരണമാവുകയായിരുന്നു കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആണ് തൊഴിലാളികള്‍ക്ക് വേണ്ടി ബസ്സുകള്‍ ഏര്‍പ്പാടാക്കിയത്. കോവിഡ് അധികവ്യാപനമില്ലാത്ത ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇത് കാരണമാണ് കോവിഡ് വ്യാപിച്ചത്, അതിരുവിട്ട പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്, പ്രധാനമന്ത്രി ആരോപിച്ചു.
മഹാമാരി കാലത്തും ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ആയിരുന്നു ഇന്ത്യയുടേത്. റെക്കോര്‍ഡ് ഉത്പാദനമാണ് കര്‍ഷകര്‍ ഉണ്ടാക്കിയത്. പല രാജ്യങ്ങളും ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ പട്ടിണികൊണ്ട് മരിക്കാന്‍ ഈ രാജ്യം ആരേയും അനുവദിച്ചില്ല, 80 കോടി ജനങ്ങള്‍ക്കാണ് സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തിയത്. അത് ഇപ്പോഴും തുടരുകയാണ്, മോദി പറഞ്ഞു.
കോവിഡ് പോലെ ഒരു മഹാമാരിക്കാലത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട എത്ര നേതാക്കള്‍ നിങ്ങളോട് മാസ്‌ക് ധരിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും പറഞ്ഞിട്ടുണ്ട്. പൊതുജനങ്ങളോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ ബിജെപിക്കും മോദിക്കും എന്ത് നേട്ടമുണ്ടാവാനാണ് കോണ്‍ഗ്രസിന്റെ ഇത്തരം പെരുമാറ്റത്തില്‍ ഞാന്‍ മാത്രമല്ല ഈ രാജ്യം മുഴുവന്‍ മനസ്സ് മടുത്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാത്ത സംസ്ഥാനങ്ങളെ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.