പത്തനംതിട്ട: നഗരസഭയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ നാലു വാര്‍ഡുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം നഗരസഭാ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പങ്കെടുത്തില്ല.
വിവരമറിഞ്ഞ് മന്ത്രി തന്നെ എക്സിക്യൂട്ടീവ് എന്‍ജിനീയറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അഴകൊഴമ്പന്‍ മറുപടി. ഇന്ന് വൈകിട്ട് നാലിനാണ് നഗരസഭാ ചെയര്‍മാന്റെ ചേംബറില്‍ യോഗം വിളിച്ചത്. കുമ്പഴ പ്രദേശത്തുള്ള 15 മുതല്‍ 21 വാര്‍ഡിലെ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വകുപ്പു മന്ത്രി റോഷി അഗസ്റ്റിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് അദ്ദേഹം യോഗം വിളിക്കാന്‍ നിര്‍ദേശിച്ചത്.
ഇതിന്‍ പ്രകാരം ഇന്ന് വൈകിട്ട് നാലിന് യോഗം ചേരാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും അതാത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും നോട്ടീസ് നല്‍കി. ചെയര്‍മാനും കൗണ്‍സിലര്‍മാരും പറഞ്ഞ സമയത്ത് തന്നെ നഗരസഭയില്‍ എത്തി കാത്തിരുന്നു. അഞ്ചു മണിയായിട്ടും വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എത്താതെ വന്നപ്പോള്‍ ചെയര്‍മാന്‍ മന്ത്രിയെ വിളിച്ച് വിവരം പറഞ്ഞു. ചെയര്‍മാന്റെ ഫോണ്‍ ഹോള്‍ഡ് ചെയ്തു കൊണ്ടു തന്നെ മന്ത്രി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ വിളിച്ച് വിവരം തിരക്കി. തനിക്ക് അസൗകര്യമുണ്ടായിരുന്നുവെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. മറ്റു ജീവനക്കാര്‍ എവിടെപ്പോയി എന്ന് ചോദിച്ചു കൊണ്ട് മന്ത്രി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ശാസിച്ചു.
ഇങ്ങനെയാണെങ്കില്‍ ഈ ഓഫീസ് പൂട്ടിയിടുകയാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും ഇനി എന്ന് യോഗം ചേരാന്‍ കഴിയുമെന്ന് പറയാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. മന്ത്രി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും അനുസരിക്കാന്‍ കൂട്ടാക്കാത്ത ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരേ നഗരസഭയില്‍ പ്രതിഷേധം ഉയര്‍ന്നു. നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനെ കൂടാതെ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജെറി അലക്സ്, ഇന്ദിരാ മണിയമ്മ, അംബികാവേണു, കൗണ്‍സിലര്‍മാരായ ലാലി രാജു, സുജ അജി, വിമല ശിവന്‍ എന്നിവര്‍ യോഗത്തിനെത്തിയിരുന്നു.