മോഷണത്തിന് കയറുന്ന വീടുകളില്‍ നിന്ന് വസ്ത്രം എടുത്ത് ധരിക്കും: അടുക്കളയില്‍ കയറി കുശാലായി ഭക്ഷണവും ഉണ്ടാക്കി കഴിക്കും: പിടിയിലാകുമെന്ന് കണ്ടാല്‍ അടിവസ്ത്രം ധരിച്ച് കമ്പിവടിയുമായി ആക്രമിക്കും

1 second read
0
0

മാവേലിക്കര: പറന്ന് നടന്ന് മോഷണം നടത്തുന്ന പക്കി സുബൈറിനെ മാവേലിക്കര പൊലീസ് പൊക്കി. ആലപ്പുഴ ജില്ലയിലെ നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണം നടത്തി വന്ന പക്കി സുബൈര്‍(49) വയനാട് വെളളമുണ്ട സ്വദേശിയാണ്.

വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി കാളിയാള്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ കൊല്ലം ശൂരനാട് വടക്ക് തെക്കുംമുറി കുഴിവിള വടക്കേതില്‍ വീട്ടിലാണ് താമസം. ആലപ്പുഴ ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വീടുകളുടെ വാതില്‍ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണങ്ങള്‍ പതിവായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

മോഷണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മോഷ്ടാവ് പക്കി സുബൈര്‍ ആണെന്ന് തിരിച്ചറിഞ്ഞു. 12 വര്‍ഷം മുമ്പ് മുമ്പ് വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ തരുവണ കരിങ്ങാരിയില്‍ നസീമ എന്ന സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. 2018ല്‍ ശൂരനാട് പോലീസ് മോഷണ കേസില്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. 2020 ജനുവരി 21 ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായ ശേഷം വെള്ളമുണ്ടയില്‍ ഭാര്യയും മക്കളുമൊത്ത് താമസിച്ചു വരികയായിരുന്നു.

ഇറച്ചിക്കടയിലും തൊഴിലുറപ്പിനുമൊക്കെ പോയി ജീവിച്ചിരുന്ന പക്കി വെള്ളമുണ്ട പഞ്ചായത്തിലെ എഡിഎസ് നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് കരിങ്ങാരിയില്‍ നിന്നും മുങ്ങി. കൊല്ലം ശൂരനാട് വന്നു ബന്ധു വീടുകളില്‍ അഭയം തേടി. ഇയാള്‍ നേരത്തെ മോഷണം നടത്തിയ കേസുകളില്‍ ബന്ധുക്കളും പ്രതി ചേര്‍ക്കപ്പെട്ടകൊണ്ട് ആരും തന്നെ ഇയാള്‍ക്ക് അഭയം കൊടുത്തില്ല. എഴുതാനും വായിക്കാനും അറിയാത്ത ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല, സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമായ വെല്ലുവിളിയായി.

ശൂരനാട് സ്വദേശിയായ സുബൈര്‍ 14-ാം വയസില്‍ കായംകുളത്ത് സൈക്കിള്‍ മോഷണം നടത്തിയതിനും മാടക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് ആദ്യമായി ജയിലിലാകുന്നത്. ജയില്‍ മോചിതനായ ഇയാള്‍ 1995 നു ശേഷം ശൂരനാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി മോഷണം നടത്തി ജനങ്ങള്‍ക്കും പോലീസിനും തലവേദനയായി. തുടര്‍ന്ന് ശൂരനാട്ടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

വിവിധ കേസുകളില്‍ ദീര്‍ഘകാലം ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും 2004 കാലഘട്ടത്തില്‍ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളില്‍ പരക്കെ മോഷണം നടത്തി. ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികള്‍ മോഷണം പതിവായി നടത്തി വന്ന ഇയാള്‍ നിരവധി ഭവനഭേദനങ്ങളും നടത്തിയിട്ടുണ്ട്. ഒറ്റയ്ക്കാണ് എല്ലാ ഓപ്പറേഷനുകളും നടത്തുന്നത്. സംസ്ഥാനത്ത് മിക്കവാറും എല്ലാ ജയിലുകളിലും കഴിഞ്ഞിട്ടുള്ള ഇയാള്‍ 2020 ല്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം വെള്ളമുണ്ടയിലെ കുടുംബസ്ഥ വേഷം ഉപേക്ഷിച്ചു.

2021 ഏപ്രില്‍ മാസത്തോടെ വെള്ളമുണ്ടയില്‍ നിന്നും മുങ്ങി. പിന്നീട് ശൂരനാട്ടെത്തി മോഷണ പരമ്പര തന്നെ നടത്തി. ശൂരനാട് ഭാഗത്ത് നാട്ടുകാര്‍ ജാഗരൂകരായി രാത്രി സംഘടിച്ച് ഇറങ്ങാന്‍ തുടങ്ങിയതോടെ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടന്നു. വള്ളിക്കുന്നം, നൂറനാട്, കായംകുളം, മാവേലിക്കര, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി നൂറോളം മോഷണങ്ങള്‍ ഇയാള്‍ നടത്തി. പകല്‍ ബസിലും ട്രെയിനിലും സഞ്ചരിച്ച് വിദൂര സ്ഥലങ്ങളിലേക്ക് പോകും. യാത്രക്കിടയില്‍ ഉറക്കം. ഉറക്കം തീര്‍ന്ന് ഇറങ്ങുന്നിടത്ത് നിരത്തി മോഷണം. ഇതാണ് ഇയാളുടെ രീതി റെയില്‍വേ ട്രാക്കുകളില്‍ കൂടി നടന്ന് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നത് പതിവാണ്.

ട്രാക്കിന് സമീപമുള്ള വീടുകള്‍, അമ്പലങ്ങള്‍, പള്ളികള്‍ എന്നിവയിലെല്ലാം പക്കി പറന്നു കയറി. സിസിടിവി ദൃശ്യങ്ങളില്‍ പതിയുന്ന പക്കിയുടെ രൂപം ഭീതി ജനകമാണ്. കൈയില്‍ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ച് എന്തിനും പോന്ന രീതിയിലാണ് നടപ്പ്. എത്തുന്ന സ്ഥലത്തെ വീടുകളില്‍ നിന്നും മുണ്ടും ഷര്‍ട്ടും എടുത്ത് ധരിക്കും. ഉടുത്ത വസ്ത്രങ്ങള്‍ അവിടെ ഉപേക്ഷിക്കും. ഇതും പക്കിയുടെ പ്രത്യേകതയാണ്.

മാവേലിക്കരയിലെ ഒരു വീട്ടില്‍ വസ്ത്രം മാറുക മാത്രമല്ല അടുക്കളയില്‍ കയറി കുശാലായി ഭക്ഷണവും കഴിച്ച് മോഷണം നടത്തിയാണ് മടങ്ങിയത്. ഇയാള്‍ എവിടെ നിന്നും വരുന്നുവെന്നോ എവിടെയാണ് തങ്ങുന്നെതന്നോ നിശ്ചയമില്ലാതെ പോലീസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഹരിപ്പാട്ടും അമ്പലപ്പുഴയിലും പോലീസ് പൊതു സ്ഥലങ്ങളില്‍ ഇയാളുടെ ഫോട്ടോ വച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ പതിച്ചിരുന്നു. മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി ദിവസങ്ങളോളം രാത്രിയില്‍ തെരച്ചില്‍ നടത്തിയിട്ടും പക്കി കുടുങ്ങിയില്ല. അങ്ങനെ പക്കിയുടെ വിക്രിയകള്‍ തുടര്‍ന്നതിനാല്‍ പ്രത്യേക അന്വേഷണ സംഘം ഇയാളുടെ രീതികള്‍ എന്താണെന്ന് അന്വേഷിച്ചു. സ്ഥിരമായി കഞ്ചാവ് വലിക്കുന്നയാളാണെന്നും മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ലോട്ടറി ധാരാളം എടുക്കുമെന്നും വിവരം കിട്ടി.

മോഷണം നടക്കാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു ലോട്ടറി കടകളില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്ഥിരമായി ലോട്ടറി എടുക്കാന്‍ വരാറുണ്ട് എന്ന് വിവരം കിട്ടി. അതെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശൂരനാട്, നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തും മോഷണം നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്.

പകല്‍ സമയങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്തു സമയം ചെലവഴിക്കും. ലോഡ്ജുകളില്‍ താമസിക്കാറില്ല. ആളുകള്‍ ഉള്ള വീട്ടിലും മോഷ്ടിക്കാന്‍ കയറുന്ന ഇയാള്‍ എതിര്‍ത്താല്‍ ആക്രമിക്കും. മോഷണം നടത്താന്‍ കണ്ടു വെക്കുന്ന വീടുകളുടെയോ, ആരാധനാലയങ്ങളുടെയോ സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നോ, പശു തൊഴുത്തില്‍ നിന്നോ ആണ് മോഷണത്തിനുള്ള കമ്പിയും മറ്റും എടുക്കുന്നത്. യാള്‍ മോഷ്ടിച്ചു കിട്ടുന്ന പണം കഞ്ചാവ് വാങ്ങിയും, ലോട്ടറി ടിക്കറ്റ് എടുത്തും ധൂര്‍ത്തടിക്കുക യായിരുന്നു.

മാവേലിക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്ത്. എസ്.ഐ. മൊഹ്‌സീന്‍ മുഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിനു വര്‍ഗീസ്, രാജേഷ് കുമാര്‍, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി.പി.ഓമാരായഅരുണ്‍ ഭാസ്‌കര്‍, ഗിരീഷ് ലാല്‍, ജവഹര്‍, റിയാസ് .എന്നിവര്‍ ചേര്‍ന്ന അന്വേഷണസംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…