ന്യൂഡല്‍ഹി: കോവിഡ് ഒന്നാം തരംഗത്തില്‍ പെട്ടെന്നുള്ള ലോക്ക്ഡൗണും കടബാധ്യതയും തൊഴിലില്ലായ്മയും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം 2020ല്‍ രാജ്യത്ത് 8761 പേര് ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് കോവിഡ് വേളയിലെ ആത്മഹത്യാ കണക്കുകള്‍ കേന്ദ്രം പുറത്തുവിടുന്നത്.
2018നും 2020നും ഇടയിലുള്ള മൂന്ന് വര്‍ഷ കാലയളവില്‍ രാജ്യത്ത് 25,251 പേര് സാമ്പത്തിക പ്രതിസന്ധി കാരണം ജീവനെടുക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.2020ലെ കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന് യാതൊരു രേഖയുമില്ലെന്നും അതേസമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു കോടിയോളം കുടിയേറ്റ തൊഴിലാളികള്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി അറിയിച്ചു.
ആത്മഹത്യ കണക്കുകള്‍ പുറത്തുവിട്ടതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ മറികടക്കാന്‍ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കി വരുകയാണ്. ആത്മഹത്യാ പ്രതിരോധ സേവനങ്ങള്‍, ജോലി സ്ഥലത്തെ സ്ട്രെസ് മാനേജ്മെന്റ്, ലൈഫ് സ്കില്‍ ട്രെയിനിങ്, കോളേജുകളിലും സ്കൂളുകളിലും കൗണ്‍സിലിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.