തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളം ജില്ലയില്‍ നടത്തും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിച്ച ആളുകള്‍ക്കാവും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാവുകയെന്നും കോടിയേരി വ്യക്തമാക്കി.
പ്രതിനിധി സമ്മേളന നഗരിക്ക് ടി രാഘവന്‍ നഗര്‍ എന്നും പൊതുസമ്മേളന നഗര്‍ സഖാവ് ഇ ബാലനന്ദന്‍ നഗര്‍ എന്നും സെമിനാര്‍ നടക്കുന്ന വേദിക്ക് അഭിമന്യൂ നഗര്‍ എന്ന പേരിടും. സംസ്ഥാന സമ്മേളനത്തിനാവശ്യമായ ഫണ്ട് ബഹുജനങ്ങളില്‍ നിന്ന് പിരിക്കും. ഫെബ്രുവരിയില്‍ 13,14 തീയതികളില്‍ എറണാകുളം ജില്ലയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴില്‍ശാലകളിലും കടകളിലും സന്ദര്‍ശിച്ച് ഫണ്ട് പിരിക്കും.പരാമവധി ജനങ്ങളെ സമീപിച്ച് ഫണ്ട് ശേഖരിച്ചുകൊണ്ട് സമ്മേളനം നടത്തും. ഫെബ്രുവരി 21ന് പതാകദിനമായി ആചരിക്കും.
നടത്താന്‍ ബാക്കിയുളള ആലപ്പുഴ ജില്ലാ സമ്മേളനം രണ്ട് ദിവസമായി ചുരുക്കി ഫെബ്രുവരി 15,16 തീയതികളില്‍ നടത്തും. 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായവും ഭേദഗതിയും നിര്‍ദേശങ്ങളും രേഖപ്പെടുത്തി കേന്ദ്രകമ്മിറ്റിയെ അറിയിക്കാമെന്നും കോടിയേരി അറിയിച്ചു.