തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴയുണ്ടാകുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരളത്തില്‍ വടക്ക് കിഴക്കന്‍ കാറ്റ് ശക്തമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. അടുത്ത മണിക്കൂറില്‍ ഇടവിട്ടുള്ള മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ് അലര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ല. രാത്രി സമയത്ത് തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് അറിയിച്ചു.
കഴിഞ്ഞ മണിക്കൂറുകളില്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്തിരുന്നു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ പല സ്ഥലങ്ങളിലും ശക്തമായ ഇടിയോടു കൂടിയുള്ള മഴയായിരുന്നു. നിലവില്‍ ജില്ലയില്‍ മഴയ്ക്ക് ശമനം ഉണ്ട്. രാത്രി സമയത്ത് മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് പ്രവചനം
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേദേശം നല്‍കിയിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളില്‍ പ്രത്യേകിച്ച് ശ്രദ്ധ വേണം. നദിക്കരയില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എങ്കിലും കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.