തിരുവല്ല: അര്‍ധരാത്രിയില്‍ നടുറോഡില്‍ പൊലീസ് നടത്തിയ സിനിമ സ്റ്റൈല്‍ ചേസിങിനൊടുവില്‍ കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടി. എസ്ഐക്ക് പരുക്കേറ്റു. രണ്ടു പ്രതികള്‍ അറസ്റ്റില്‍. വാഹനവും രണ്ടു കിലോ കഞ്ചാവും കസ്റ്റഡിയില്‍.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ നടുറോഡില്‍ അരങ്ങേറിയത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമും തിരുവല്ല പൊലീസും കിലോമീറ്ററുകളോളം സാഹസികമായി പിന്തുടര്ന്നാണ് കഞ്ചാവുവേട്ട നടത്തിയത്. വള്ളംകുളം പുത്തന്‍പറമ്പില്‍ വിനിത് (28), കോഴിമല, തോട്ടപ്പുഴ കോന്നാത്ത് ഗൗതം (26) എന്നിവരാണ് പിടിയിലായത്. രണ്ടു പേര് ഓടിരക്ഷപ്പെട്ടു.
റാന്നി ഭാഗത്തു നിന്നു കഞ്ചാവുമായി തിരുവല്ലയിലേക്കു സംഘം പോകുന്നുവെന്ന് ജില്ലാ പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് എസ്പിയുടെ ഡാന്‍സാഫ് സംഘം രാത്രി 12 മണി മുതല്‍ റാന്നി മുതല്‍ കാറിനെ പിന്തുടരുകയായിരുന്നു. ഇരവിപേരൂരിനു സമീപം വെണ്ണിക്കുളം റോഡിലെത്തിയപ്പോള്‍ തിരുവല്ല എസ്ഐ അനീഷ് ഏബ്രഹാം ജീപ്പ് റോഡിനു കുറുകെയിട്ട് തടഞ്ഞു.
ഇതു കണ്ട് കഞ്ചാവ് സംഘം കാര്‍ പുറകോട്ടെടുത്ത് ഓടിച്ചുപോകാന്‍ ശ്രമിച്ചു. കാറില്‍ കയറിപിടിച്ച എഐ അനീഷ് ഏബ്രഹാം 30 മീറ്ററോളം കാറിനോടൊപ്പം ഓടിയെങ്കിലും വീണുപോയി. കൈക്കു പരുക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. രക്ഷപ്പെട്ട സംഘത്തെ എസ്ഐയും ഷാഡോ സംഘവും പിന്തുടര്ന്ന് വള്ളംകുളം പാലത്തിനു സമീപം വച്ച് തടയുകയായിരുന്നു. ഇവിടെവച്ചാണ് രണ്ടു പേര് ഓടിരക്ഷപെട്ടത്.
ഇരവിപേരൂരിലെ വന്‍ കഞ്ചാവ് റാക്കറ്റ് ആയ വിനീതിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് എത്തിച്ചത്. ഇയാള്‍ 3 മാസം മുന്‍പും എസ്പിയുടെ ഷാഡോസംഘത്തിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കഞ്ചാവുമായി രക്ഷപെട്ടിരുന്നു. ഏഴു കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതിയാണ് ഇവര്‍. എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കഞ്ചാവ് കടത്തിയതിനുമായി രണ്ട് കേസുകള്‍ ഇവര്‍ക്കെതിരേ എടുത്തിട്ടുണ്ട്.