പത്തനംതിട്ട: 127-ാമത് മാരാമണ്‍ കണ്വന്ഷന് നാളെ പമ്പ മണല്‍പ്പുറത്ത് തുടങ്ങുകയാണ്. സെഞ്ച്വറി പിന്നിട്ട് കുതിക്കുന്ന കണ്‍വന്‍ഷന്റെ പകുതിയോളം വര്‍ഷങ്ങളില്‍ അതില്‍ സജീവ സാന്നിധ്യമായിരുന്ന ഒരാളുടെ അസാന്നിധ്യം നാളെ ശ്രദ്ധാകേന്ദ്രമാകും. മറ്റാരുമല്ല, ചിരിയുടെ വലിയ തമ്പുരാന് എന്നറിയപ്പെട്ടിരുന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ അസാന്നിധ്യമാകും ശ്രദ്ധിക്കപ്പെടുക.
67 ആണ്ടുകള്‍ക്ക് ശേഷം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്തയുടെ പ്രസംഗമില്ലാതെ മാരാമണ്‍ കണ്വന്ഷന് നഗര്‍ നില്ക്കുമ്പോള് നികത്താനാവാത്ത വിടവായി ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്തയുടെ വിയോഗവും ഓര്‍മകളിലുണ്ടാകും.
കഴിഞ്ഞ ഏറെ കാലങ്ങളായി മാരാമണ്‍ കണ്‍വന്‍ഷനില്‍ നിറ സാന്നിധ്യമായിരുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലിത്തയുടെയും പന്തലിന് കാല് നാട്ടുമ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധയോടെ നേത്യത്വം നല്‍കിയിരുന്ന ഡോ ജോസഫ് മാര്‍ത്തോമയുടെയും സാന്നിധ്യം ഇത്തവണത്തെ കണ്‍വന്‍ഷനില്‍ ഉണ്ടാവില്ല.
ഏറെ ജനപ്രിയരായിരുന്ന രണ്ട് ആത്മീയ നേതാക്കളുടെയും അടുത്തടുത്തായുണ്ടായ ദേഹവിയോഗം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു. രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ നല്കി ആദരിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ പ്രസംഗം ആണ് കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും മാരാമണ്‍ കണ്‍വെന്‍ഷനിലെ ഏറ്റവും ജനശ്രദ്ധ ആകര്ഷിച്ചിട്ടുള്ളത്.
പുണ്യ നദിയായ പമ്പാ മണല്‍പ്പരപ്പില്‍ ഇനി വചന പ്രഘോഷണത്തിന്റെ നാളുകളാണ്. മദ്ധ്യ തിരുവിതാംകൂറിലെ മത സാഹോദര്യത്തിന്റെ പ്രതീകമാണ് പുണ്യ നദിയായ പമ്പയുടെ മണല്‍പ്പുറത്ത് നടന്നുവരുന്ന ചെറുകോല്‍പ്പുഴ മാരാമണ്‍ കണ്‍വെന്‍ഷനുകള്‍. നാളെ ഐരൂര്‍ ചെറുകോല്‍പ്പുഴയില്‍ നടക്കുന്ന ഹിന്ദു മത സമ്മേളനത്തിന് സമാപനമാകും. ഒപ്പം നാളെ ഉച്ചക്ക് ശേഷം 2 മണിയോടെ മാരാമണ്‍ മണപ്പുറത്ത് 127-ാമത് കണ്വെന്ഷന് തുടക്കമാകും.
പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കണ്വെന്ഷന് സംഘടിപ്പിക്കുന്നതെന്ന് മീഡിയാ കണ്‍വീനര്‍ അജീ അലക്സ് പറഞ്ഞു. നാനാ ജാതി മതസ്ഥര്‍ പങ്കെടുക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനായി നിര്‍മ്മിച്ച പന്തല്‍ പോലും കൂട്ടായ്മ്മയുടെ പ്രതീകമാണ്. വിവിധ ഇടവകകളില്‍ നിന്നും ഉള്ള സ്ത്രീകള്‍ ശേഖരിച്ച് മെടഞ്ഞ് എത്തിക്കുന്ന ഓലകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് കണ്‍വെന്‍ഷനായുള്ള വിശാലമായ പന്തല്‍.