സജീവ് മണക്കാട്ടുപുഴ
വലന്റൈന്‍സ് വാരത്തിലെ മറ്റൊരു സുപ്രധാന ദിവസമാണിന്ന്. ഫെബ്രുവരി 12. ആലിംഗന ദിനം. ഉറ്റവരെ ആത്മാര്‍ത്ഥമായി ആലിംഗനം ചെയ്താലുള്ള ഗുണങ്ങള്‍ ഒരുപാടാണ് എന്ന് ശാസ്ത്രം പറയുന്നു. അക്കാര്യങ്ങള്‍ മറ്റൊരു അവസരത്തില്‍ പറയാം, അതിനേക്കാളൊക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിശേഷം ഈദിവസത്തിനുണ്ടെന്ന് അറിയുക.
1809 ഫെബ്രുവരി 12 ന് അമേരിക്കയിലെ കെന്റെക്കിയിലെ ലാരു കൗണ്ടിയില്‍ ഒരു കന്നുകാലി കര്‍ഷകന്റെ മകനായി ജനിച്ച് സ്വയം പാഠങ്ങള്‍ പഠിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിയ, കുട്ടിക്കാലത്തു തന്നെ ക്ലാസിക്കുകള്‍ വായിച്ച് വളര്‍ന്ന, തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ പാഠങ്ങള്‍ പഠിച്ച,
കുട്ടിയായിരിക്കുമ്പോള്‍ ഫാമില്‍ പണിയെടുത്ത, കടകളില്‍ കൂലിക്ക് ജോലിനോക്കിയ, നല്ല ഉയരമുണ്ടായിരുന്ന, മികച്ച കായിക ശേഷിയുണ്ടായിരുന്ന, വക്കീലിന്റെ ജോലി സ്വീകരിച്ച, പോസ്റ്റ് മാസ്റ്റര്‍ ആയി ജോലിനോക്കിയ,
പട്ടാളത്തില്‍ കുറച്ചുനാള്‍ ക്യാപ്റ്റന്‍ ആയിരുന്ന, ഒരര്‍ത്ഥത്തില്‍ രാജ്യത്തിന്റെ രക്തസാക്ഷിയെന്ന് വിശേഷിപ്പിക്കാവുന്ന, രാജ്യത്തിന്റെ യഥാര്‍ത്ഥ ഹീറോ എന്ന് തീര്‍ച്ചയായും പറയാവുന്ന,ഒരു മഹത് വ്യക്തിയുടെ ജന്മദിനമാണിന്ന്.
6 അടി 4 ഇഞ്ച് ഉയരമുണ്ടായിരുന്ന, രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പ്രസിഡന്റ് എന്ന ഖ്യാതി സ്വന്തമായുള്ള, സാധാരണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്കുയര്‍ന്ന, രാജ്യത്തിന്റെ സാമ്പത്തിക രംഗം ആധുനികവല്‍ക്കരിച്ച, രാജ്യത്ത് കൊടികുത്തിവാണ ദുരാചാരമായ അടിമത്തം ഇല്ലാതാക്കിയ പ്രസിഡന്റ്( വിഖ്യാതമായ Emancipation Proclamation (യു എസ് ഭരണഘടനയുടെ 13-ാം ഭേദഗതി )
സാക്ഷാല്‍ എബ്രഹാം ലിങ്കണ്‍ ജനിച്ച ദിനമാണിന്ന്.
23 ആം വയസ്സില്‍ രാഷ്ട്രീയപ്രവത്തനം തുടങ്ങിയ ലിങ്കണ്‍, ആദ്യം വൈങ് പാര്‍ട്ടിയില്‍ ചേര്‍ന്നു, 1832 ല്‍. 1854 വരെ അവിടെ തുടര്‍ന്നു, 1854 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു.1864 വരെ റിപ്പബ്ലിക്കന്‍,
1858 ല്‍ യു എസ് സെനറ്റര്‍ ആയി വിജയിച്ചു.1861 ല്‍ ആഭ്യന്തര യുദ്ധകാലത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.( മാര്‍ച്ച് 4,1861 മുതല്‍ ഏപ്രില്‍ 15,1865 വരെ ) ആഭ്യന്തര യുദ്ധകാലഘട്ടം മുഴുവനും അദ്ദേഹമായിരുന്നു പ്രസിഡന്റ്.
രാജ്യത്തൊരു ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപിച്ചത് എബ്രഹാം ലിങ്കണ്‍ ആണ്.
ആഭ്യന്തര യുദ്ധം അവസാനിച്ച് 2 ദിവസം കഴിഞ്ഞദിവസം ( ഏപ്രില്‍ 14)
വാഷിങ്ടണ്‍ ഡി സി ഫോഡ്സ് തീയേറ്ററില്‍ ഭാര്യയുമൊത്ത് നാടകം കണ്ടുകൊണ്ടിരിക്കെ ജോണ്‍ വില്‍ക്കര്‍ ബൂത്ത് എന്നയാളുടെ വെടിയേറ്റ് മരണപ്പെട്ടതോടെ അമേരിക്കയുടെ മഹത്തായ ഒരു ചരിത്രകാലഘട്ടത്തിന് തിരശീല വീണു.ഏപ്രില്‍ 24 ന് വൈകിട്ട് വെടിയേറ്റ ലിങ്കണ്‍ 8 മണിക്കൂര്‍ കോമ സ്റ്റേജില്‍ തുടര്‍ന്നു, പിറ്റേന്ന് രാവിലെ 7.22 ന് അദ്ദേഹം 56 ആം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.
പിറ്റേദിവസം പുതിയ പ്രസിഡന്റ് ആയി ജോണ്‍സണ്‍ ചുമതലയേറ്റു.
ലിങ്കണെ വെടിവച്ച ബൂത്തിനെ ഒരു സെര്‍ജന്റ് ആയിരുന്ന ബോസ്റ്റോണ്‍ കോര്‍ബെല്‍ വെടിവച്ച് കൊന്നു എന്നതുകൂടി അറിയേണ്ടതുണ്ട്.