കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.ക്യാപ്റ്റന്‍ രോഹിത് ശര്‍മ,ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ – ഇഷാന് കിഷന് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 7.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി റോസ്റ്റണ്‍ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രോഹിത് പുറത്തായതോടെ ഇന്ത്യയുടെ റണ്‍റേറ്റ് താഴ്ന്നു. വൈകാതെ 42 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഇഷാന് കിഷനെയും മടക്കി റോസ്റ്റണ്‍ ചേസ് ഇന്ത്യയെ ഞെട്ടിച്ചു. വിരാട് കോലിക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 13 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. 13-ാം ഓവറില്‍ ഫാബിയാന്‍ അലനാണ് കോലിയെ മടക്കിയത്. ഋഷഭ് പന്ത് വെറും എട്ട് റണ്‍സ് മാത്രമെടുത്ത് മോശം ഷോട്ടിലൂടെ പുറത്തായി.
പിന്നാലെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് – വെങ്കടേഷ് അയ്യര്‍ സഖ്യമാണ് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേര്‍ന്നെടുത്ത 48 റണ്‍സ് വിജയത്തില്‍ നിര്‍ണായകമായി.
സൂര്യകുമാര്‍ വെറും 18 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 34 റണ്‍സോടെ പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യര്‍ 13 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 24 റണ്‍സെടുത്തു. ഫാബിയാന്‍ അലനെ സിക്സര്‍ പറത്തി വിജയറണ്‍ കുറിച്ചതും വെങ്കടേഷായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തിരുന്നു.