വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ കടന്നുകയറ്റം നടത്തിയാല്‍ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്. അടുത്തിടെ ഇന്ത്യയുെട പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നതായും യു.എസ്. വിദേശകാര്യമന്ത്രാലയം വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ”അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സഖ്യകക്ഷിയാണ് ഇന്ത്യ. സൈനികശക്തി ഉപയോഗിച്ച് അതിര്‍ത്തികള്‍ മാറ്റുന്നതിനെ അവര്‍ എതിര്‍ക്കും” -പ്രൈസ് പറഞ്ഞു.
അതിനിടെ, റഷ്യ സൈനികനടപടി സ്വീകരിച്ചാല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് പറഞ്ഞു. യുക്രൈനിലും റഷ്യയിലും നടന്ന സമാധാനചര്‍ച്ചകളില്‍ പങ്കെടുത്തശേഷമായിരുന്നു ഷോള്‍സിന്റെ പ്രതികരണം. പുതിനു പിന്തിരിയാന് ഇനിയും സമയം അവശേഷിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് വരുംദിവസങ്ങളില്‍ യുക്രൈന് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.