കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതി ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 24ലേക്കു മാറ്റി. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാണ് ദിലീപിന്റെ ആക്ഷേപം. അതേസമയം ദിലീപ് നല്കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഹര്‍ജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കിയിരുന്നു. രഹസ്യ വിചാരണയെന്ന നിര്‍ദ്ദേശം ലംഘിച്ചതുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ എടുത്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.