കൊല്‍ക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി ലോക റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ യുവതാരം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മിസോറാമിനെതിരെ ബിഹാറിനായി യുവതാരം സാകിബുള്‍ ഗനിയാണ് ചരിത്രമെഴുതി ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. അരങ്ങേറ്റത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ഇരുപത്തിരണ്ടുകാരന്‍ ഗനി അടിച്ചുകൂട്ടിയത് 341 റണ്‍സ്! 405 പന്തില്‍ 56 ഫോറും രണ്ടു സിക്‌സും സഹിതമാണ് ഗനി 341 റണ്‍സ് നേടിയത്. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ഗനി.
2018-19 സീസണില്‍ മധ്യപ്രദേശിനായി അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 267 റണ്‍സ് നേടിയ അജയ് റൊഹേരയുടെ റെക്കോര്‍ഡ് സാക്കിബുള്‍ ഗനി പിന്തള്ളി. ഹൈദരാബാദിനെതിരെയായിരുന്നു റൊഹേരയുടെ പ്രകടനം. മിസോറാമിനെതിരെ തകര്‍ത്തടിച്ച ഗനി 387 പന്തിലാണ് ട്രിപ്പിള്‍ സെഞ്ചുറി പിന്നിട്ടത് 50 ഫോറുകള്‍ സഹിതമായിരുന്നു ഇത്. അതായത് ട്രിപ്പിള്‍ സെഞ്ചുറിയിലെത്തുമ്പോള്‍ അതില്‍ 200 റണ്‍സും ഫോറിലൂടെ മാത്രമാണ് താരം നേടിയത്.
സഹതാരം ബാബുല്‍ കുമാറിനൊപ്പം 538 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടിലും ഗനി പങ്കാളിയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 756 പന്തിലാണ് 538 റണ്‍സ് അടിച്ചുകൂട്ടിയത്. ഇരട്ടസെഞ്ചുറി പിന്നിട്ട ബാബുല്‍ കുമാര്‍ 226 റണ്‍സുമായി ക്രീസിലുണ്ട്. ഇതുവരെ 395 പന്തുകള്‍ നേരിട്ട താരം 27 ഫോറും ഒരു സിക്‌സും സഹിതമാണ് 226 റണ്‍സെടുത്തത്. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ 159 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 679 റണ്‍സ് എന്ന നിലയിലാണ് ബിഹാര്‍.