
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകള്‍ നിര്‍മിക്കുന്നതിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്.
ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍ ഫാക്ടറിയിലാണ് അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നേരത്തേ ഉപയോഗിച്ചിരുന്ന എംകെ-1 വകഭേദത്തില്‍നിന്ന് 72 പുതിയ സവിശേഷതകളും കൂടുതല്‍ തദ്ദേശീയ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അര്‍ജുന എംകെ-1 എ ടാങ്കുകള്‍.
MoD places supply order for 118 Main Battle Tanks Arjun Mk-1A for Indian Army https://t.co/0PG52sYvnI pic.twitter.com/FOPqckQtvW
— DRDO (@DRDO_India) September 23, 2021
7523 കോടി വിലമതിക്കുന്ന കരാര്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു കൂടുതല്‍ ഊര്‍ജം പകരുമെന്നും ‘ആത്മനിര്‍ഭര്‍ ഭാരതി’ലേക്കുള്ള ഒരു പ്രധാന കാല്‍വയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവ രാത്രി- പകല്‍ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ളവയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മള്‍ട്ടി ലെയര്‍ പരിരക്ഷയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.