തിരുവനന്തപുരം: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവാദങ്ങളുടെ പേരില്‍ ആരോപണ വിധേയനായ സൂപ്രണ്ട് എ.ജി.സുരേഷിനെ സസ്പെന്‍ഡ് ചെയ്യാന്‍ ജയില്‍ വകുപ്പ് മേധാവി ഷേക് ദര്‍വേഷ് സാഹേബ് ശുപാര്‍ശ ചെയ്തു. സൂപ്രണ്ടിനെതിരെ വിജിലന്‍സോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കണം. ജയിലിനുള്ളില്‍ തടവുകാരുടെ നിയന്ത്രണച്ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് രാജു ഏബ്രഹാമിനെ ജില്ലയ്ക്കു പുറത്തേക്കു മാറ്റണമെന്നും ശുപാര്‍ശയുണ്ട്.
ഡിഐജി എം.കെ.വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് സഹിതമാണ് ആഭ്യന്തര വകുപ്പിനു ശുപാര്‍ശ നല്‍കിയത്. ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദും ടിപി കേസ് പ്രതി കൊടി സുനിയും ഉള്‍പ്പെടെ കുപ്രസിദ്ധ കുറ്റവാളികള്‍ ജയിലില്‍ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിച്ചതു കണ്ടെത്തിയ പശ്ചാലത്തിലായിരുന്നു ഡിഐജിയുടെ അന്വേഷണം. സെന്‍ട്രല്‍ ജയിലില്‍ കുത്തഴിഞ്ഞ സംവിധാനമാണുള്ളതെന്നു നേരിട്ടു ബോധ്യപ്പെട്ടതായി ജയില്‍ മേധാവി ആഭ്യന്തര വകുപ്പിനെ അറിയിച്ചു. തടവുകാരുടെ ഫോണ്‍ വിളി നിയന്ത്രിച്ചില്ലെന്നു മാത്രമല്ല, ചിലരോട് അതിരുവിട്ട അടുപ്പം പുലര്‍ത്തിയെന്നും ഡിഐജിയുടെ 142 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.