പത്തനംതിട്ട:സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മാണങ്ങള്‍ ഇനി മുതല്‍ ജനങ്ങള്‍ക്കും വിലയിരുത്താം. പ്രവൃത്തികളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് കരാര്‍ പണികളില്‍ ഏര്‍പ്പെടുത്തിയ ഡിഫക്ട് ലയബിലിറ്റി പീരിയഡ് (ഡി.എല്‍.പി.) ഫെബ്രുവരി അവസാനത്തോടെ ലക്ഷ്യം കൈവരിക്കും.
നിര്‍മാണം പൂര്‍ത്തിയായ റോഡുകളുടേയും പാലങ്ങളുടേയും ഇരുദിശകളിലും ഇതുസംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങളും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ ടോള്‍ ഫ്രീ നമ്പരും ഈ ബോര്‍ഡിലുണ്ടാകും. നിര്‍മാണത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഇവരെ ബന്ധപ്പെടാം. ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണെന്ന സര്‍ക്കാര്‍ നയത്തിനാണ് പൊതുമരാമത്ത് വകുപ്പില്‍ തുടക്കം കുറിക്കുന്നത്.
നിര്‍മാണങ്ങളില്‍ ജനകീയ മോണിറ്ററിങ് സാധ്യമാക്കുന്നതിനുള്ള നടപടികളുടെ തുടക്കമായാണ് ഡിഫക്ട് ലയബിലിറ്റി പീരിയഡ് (ഡി.എല്‍.പി.) പ്രസിദ്ധീകരിക്കുന്നത്. നിര്‍മാണങ്ങളുടെ സ്വഭാവമനുസരിച്ച് ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെയാണ് പരിപാലനസമയം. ദേശിയപാതയിലെ 220 എണ്ണം ഉള്‍പ്പെടെ സംസ്ഥാനത്തെ 2,200 ലേറെ പൊതുമരാമത്ത് നിര്‍മാണങ്ങള്‍ക്കാണ് ഡി.എല്‍.പി. വരുന്നത്. ഇതില്‍ 60 പാലങ്ങളും ഉള്‍പ്പെടുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട് കോട്ടയം, ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്. 1500-ലധികം പദ്ധതികളില്‍ ഡി.എല്‍.പി. ബോര്‍ഡുകള്‍ സ്ഥാപിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രത്യേക താത്പര്യമെടുത്താണ് ഡി.എല്‍.പി. പരിഷ്‌കാരം നടപ്പാക്കിയത്.