കീവ്:1000 റഷ്യന്‍ സൈനികരെ വധിച്ചുവെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായുധാക്രമണം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് ഇത്രയധികം ആള്‍നാശം ഉണ്ടാകുന്നത് ആദ്യമായാണെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തന്ത്രപ്രധാനമായ ഹോസ്റ്റോമല്‍ വിമാനത്താവളം നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ അറിയിച്ചു. തലസ്ഥാന നഗരം സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രെയ്ന്‍ അറിയിച്ചു.
യുക്രെയ്‌നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു. 1500 ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു ഇവരെ ഡല്‍ഹിയിലും മുംബൈയിലും എത്തിക്കാനാണ് ശ്രമം. നാലു അതിര്‍ത്തിരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയുമായി ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലെത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ രാത്രി റുമാനിയയിലേക്ക് പുറപ്പെട്ടു. ഹംഗറിയിലേക്കുള്ള വിമാനം ശനിയാഴ്ച പുറപ്പെടും. അതിര്‍ത്തികളിലെ റോഡു മാര്‍ഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റജിസ്‌ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി. ഇതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. എണ്ണൂറിലധികം വിദ്യാര്‍ഥികളെ ആദ്യം നാട്ടിലെത്തിക്കാനാണു തീരുമാനം.