അടൂര്‍: സാമൂഹിക മാധ്യമമായ ടെലിഗ്രാമിലെ ഗ്രൂപ്പ് വഴി പരിചയപ്പെട്ട
പ്ലസ് വണിന് പഠിക്കുന്ന പതിനാറുകാരിയുടെ ഫോട്ടോ കൈക്കലാക്കി മോര്‍ഫ് ചെയ്യുകയും ഭീഷണിപ്പെടുത്തി മൂന്നു പവന്‍ സ്വര്‍ണവും 70,000 രൂപയും തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ പാനായിക്കുളം പൊട്ടന്‍കുളം പി.എസ്. അലക്സ് (21), പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപം പൂഴിക്കാട് നിര്‍മാല്യത്തില്‍ അജിത്ത് (21), കുരമ്പാല പുന്തലപ്പടിക്കല്‍ പ്രണവ് കുമാര്‍ (21) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ പി.എസ്.സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേരളാ കഫേ എന്ന ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നു പെണ്‍കുട്ടിയും പ്രതികളും. പെണ്‍കുട്ടിക്ക് മറ്റൊരു സുഹൃത്തുമായുണ്ടായിരുന്ന പിണക്കം മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് അലക്സാണ് ഫോട്ടോ കൈക്കലാക്കിയത്. വീഡിയോ എഡിറ്റിങ് അറിയാവുന്ന ഇയാള്‍ ഇത് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ ദൃശ്യമാക്കി മാറ്റി. ഇതു കാണിച്ച് ഭീഷണി മുഴക്കി പണം തട്ടുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബ്ലാക് മെയിലിങ് തുടങ്ങിയത്. ഒരു ലക്ഷം രൂപയാണ് അലക്സ് ആവശ്യപ്പെട്ടത്.
ഭയന്നു പോയ പെണ്‍കുട്ടി തന്റെ കൈവശം പണമില്ലെന്ന് അറിയിച്ചു. ഭീഷണി തുടര്‍ന്നപ്പോള്‍ കാലില്‍ കിടന്ന കൊലുസ് ഊരി നല്‍കി. പിന്നീട് കൈവശമുണ്ടായിരുന്ന സ്വര്‍ണം മറ്റൊരാളെ കൊണ്ട് പണയം വയ്പിച്ചും മറ്റുമായി 70,000 രൂപയും നല്‍കി. രണ്ടും മൂന്നും പ്രതികളായ അജിത്തിനെയും പ്രണവിനെയുമാണ് പണം വാങ്ങാന്‍ പെണ്‍കുട്ടിയുടെ അടുത്തേക്ക് അലക്സ് പറഞ്ഞയച്ചത്. ഇവരും ഇതേ ഗ്രൂപ്പിലെ അംഗങ്ങളാണ്. ഏനാത്ത് ചെന്നാണ് പെണ്‍കുട്ടിയില്‍ നിന്ന് ഇവര്‍ പണം കൈപ്പറ്റിയത്. ഇതിന് ഇവര്‍ക്ക് അലക്സ് പ്രതിഫലം നല്‍കുകയും ചെയ്തു. വീട്ടില്‍ അറിയാതിരിക്കാന്‍ വേണ്ടി പെണ്‍കുട്ടിക്ക് ഗോള്‍ഡ് കവറിങ് ആഭരണങ്ങളും പ്രതി വാങ്ങി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെ പെണ്‍കുട്ടി ഇക്കാര്യം കൗണ്‍സിലറോട് വെളിപ്പെടുത്തി.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെയും ഏനാത്ത് പോലീസിലും വിവരം അറിയിച്ചു. പ്രതികളെ അവരവരുടെ വീടുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അലക്സ് മുന്‍പും തട്ടിപ്പ് കേസില്‍ പ്രതിയാണ്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ നിര്‍ദേശാനുസരണം എസ്ഐ ടി. സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കിരണ്‍, സിവില്‍ പോലീസ് ഓഫീസര്‍ മനൂപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.