ധരംശാല: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറിയുമായി മിന്നിയതോടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ ജയം. ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 146 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 19 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
ഇതോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. തുടര്‍ച്ചയായ 12-ാം ജയത്തോടെ കൂടുതല്‍ തുടര്‍ വിജയങ്ങളെന്ന അഫ്ഗാനിസ്ഥാന്റെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തി ഇന്ത്യ.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും നങ്കൂരമിട്ടു കളിച്ച ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അയ്യര്‍ 45 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. എട്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് അയ്യരുടെ ഇന്നിങ്‌സ്. 57*, 74*, 73* എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ അയ്യരുടെ പ്രകടനം. രവീന്ദ്ര ജഡേജ 15 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 22 റണ്‍സുമായി അയ്യര്‍ക്കു കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 27 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
മലയാളി താരം സഞ്ജു സാംസണ്‍ 12 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 18 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ സഞ്ജു – ശ്രേയസ് സഖ്യം 28 പന്തില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദീപക് ഹൂഡ 16 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 21 റണ്‍സെടുത്തു. അതേസമയം, ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ഒന്‍പതു പന്തുകള്‍ നേരിട്ട രോഹിത് ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സെടുത്ത് പുറത്തായി. വെങ്കടേഷ് അയ്യര്‍ നാലു പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സെടുത്തും പുറത്തായി.
ശ്രീലങ്കയ്ക്കായി ലഹിരു കുമാര 3.5 ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ദുഷ്മന്ത ചമീര, ചാമിക കരുണരത്നെ എന്നിവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.