കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് നടപ്പാതകളിലടക്കം കൊടികള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതി. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നു. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയപാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നുണ്ടോ? ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥ? വിമര്‍ശിക്കുമ്പോള്‍ രാഷ്ട്രീയ താല്‍പര്യം ആക്ഷേപിക്കുന്നെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പാതയോരങ്ങളില്‍ അനധികൃത ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി അമിക്കസ് ക്യൂറി, പാര്‍ട്ടി സമ്മേളനത്തിന്റെ പേരില്‍ കൊച്ചിയില്‍ കൊടികളും തോരണങ്ങളും സ്ഥാപിച്ച കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഇത്തരത്തിലുള്ള അനധികൃത കൊടികളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് അവസാനിപ്പിക്കുകയുള്ളോ എന്ന് കോടതി ചോദിച്ചു. താന്‍ വിമര്‍ശിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവാക്കി സമൂഹമാധ്യമങ്ങളില്‍ മുദ്രകുത്തുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.