ജിമ്മന്‍ സജിത്ത് പുലര്‍കാല മോഷണത്തിലും പിടിച്ചു പറിയിലും സ്പെഷലിസ്റ്റ്: അടൂരിലെ പിടിച്ചു പറിയില്‍ രണ്ടാം ദിവസം പിടിയില്‍

0 second read
0
0

അടൂര്‍: കണ്ടാല്‍ ആളൊരു ജിമ്മന്‍. അഞ്ചാറു പൊലീസുകാര്‍ ഒന്നിച്ചു ചെന്നാലും അടിച്ചു വീഴ്ത്തി രക്ഷപ്പെടും. പുലര്‍കാലം ഓപ്പറേഷന് തെരഞ്ഞെടുക്കും. നിരവധി പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ ക്രിമിനലിനെ കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടു ദിവസം കൊണ്ട് പിടികൂടി അടൂര്‍ എസ്ഐ എം. മനേഷ്.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചു പറി, മോഷണ കേസുകളില്‍ പ്രതിയായ കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതില്‍ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാറി (36) നെയാണ് സാഹസികമായി കുടുക്കിയത്. രണ്ടു ദിവസം മുമ്പ് പിടിച്ചു പറി നടത്തിയ ശേഷം പലയിടങ്ങളില്‍ കറങ്ങി നടന്ന മോഷ്ടാവിനെ ഇത്തരം കേസുകളിലെ സ്പെഷലിസ്റ്റായ എസ്ഐ മനേഷിന്റെ തന്ത്രപരമായ നീക്കമാണ് കുടുക്കിയത്.

കഴിഞ്ഞ ആറു മാസത്തിനിടെ അടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണം, പിടിച്ചുപറി, കവര്‍ച്ച കേസുകളിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിച്ചതും മനേഷിന്റെ മിടുക്കു കൊണ്ടായിരുന്നു. പന്തളം, കോന്നി, അടൂര്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും സച്ചുവിനെതിരേ കേസുണ്ട്. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് ഇയാള്‍ പിടിച്ചുപറി നടത്തിയിരുന്നത്. ആലപ്പുഴ, കൊല്ലം, മാവേലിക്കര എന്നിവിടങ്ങളിലുള്ള പോലീസ് സ്പെഷല്‍ സ്‌ക്വാഡുകള്‍ കാലങ്ങളായി തെരഞ്ഞു കൊണ്ടിരുന്ന അന്തര്‍ ജില്ലാ മോഷ്ടാവാണ് ഇയാള്‍.

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് ദിവസമായി തുടര്‍ച്ചയായി നടത്തിയ തെരച്ചിലില്‍ ഓച്ചിറയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊട്ടാരക്കരയില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയാണ് ഇപ്പോള്‍ പിടിച്ചു പറി നടത്തിയത്. ഇതുകൂടാതെ വേറൊരു ബൈക്കും ഇയാള്‍ക്കുണ്ട്. പോലീസിനെ കബളിപ്പിക്കാന്‍ ബൈക്കിന് വ്യാജ നമ്പര്‍ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും.

സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങള്‍, ആളില്ലാത്ത വീടുകള്‍, വര്‍ക്കല, ആയിരം തെങ്ങ് തുടങ്ങിയ കടല്‍ തീരപ്രദേശങ്ങള്‍, കനാല്‍ പുറമ്പോക്ക്, ആറ്റുതീരം തുടങ്ങിയ ഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇയാള്‍ പുലര്‍ച്ചെ എണീറ്റ് മോഷണത്തിനായി നീങ്ങും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. കാലങ്ങളായി പോലീസിനെ വട്ടം കറക്കുകയായിരുന്നു. മൂന്നു ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നേരത്തെ 25 ഓളം കേസുണ്ടായിരുന്നു. നിലവില്‍ മാവേലിക്കര, അടൂര്‍, പന്തളം, കോന്നി, വെണ്മണി, പുത്തൂര്‍, കൊട്ടാരക്കര തുടങ്ങിയ സ്റ്റേഷനുകളിലായി മാല പറിക്കല്‍, മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് 12 കേസുകളുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി തുടര്‍ച്ചയായി മോഷണവും മറ്റും നടത്തി പല ജില്ലകളില്‍ വിഹരിച്ചു വരികയായിരുന്നു.

പോലീസ് പലതവണ പിടിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ നല്ല കായിക ശേഷിയുള്ള ഇയാള്‍ വിദഗ്ദ്ധമായി രക്ഷപ്പെട്ടു. പന്തളം, കോന്നി,മലയാലപ്പുഴ ഭാഗങ്ങളില്‍ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ അടൂര്‍ പോലീസ് ജാഗ്രതയോടെ കനത്ത നിരീക്ഷണം നടത്തിയതിന്റെ ഫലമായാണ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇയാളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച പോലീസ് മോഷണ ശ്രമം നടത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സി.സി.ടി.വി ഉള്ള വീടുകള്‍ കേന്ദ്രീകരിച്ച് വലവീശുകയായിരുന്നു. അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷ്, എസ്.ഐ മാരായ എം. മനീഷ്, വിമല്‍ രംഗനാഥ്, സി.പി.ഓ മാരായ സൂരജ് ആര്‍. കുറുപ്പ്, ഡാന്‍സാഫ് സംഘത്തിലെ സി.പി.ഓമാരായ സുജിത്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…