ദുബായ്: സിനിമകളെ മനപ്പൂര്‍വം ‘ഡി ഗ്രേഡ്’ ചെയ്യുന്നത് ശരിയല്ലെന്നു നടന്‍ മമ്മൂട്ടി. നല്ല സിനിമകളെ ഒരിക്കലും ഇടിച്ചു താഴ്ത്തരുത്. ഈ പ്രവണത തീര്‍ച്ചയായും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. പുതിയ ചിത്രമായ ‘ഭീഷ്മ പര്‍വം’ ഗള്‍ഫില്‍ റിലീസാകുന്നതിനോടനുബന്ധിച്ച് എക്‌സ്‌പോ 2020 ദുബായില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രേക്ഷകരുടെ ആസ്വാദന നിലവാരമനുസരിച്ചാണ് വ്യത്യസ്തമായ സിനിമകളുണ്ടാകുന്നത്. സിനിമകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സങ്കല്‍പവും നിലവാരവുമടക്കം വലിയ മാറ്റങ്ങള്‍ സിനിമയ്ക്ക് ഉണ്ടാകുന്നു.
മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഭീഷ്മപര്‍വം കടന്നുപോകുന്നത്. മഹാഭാരതവുമായി ചിത്രത്തിന് പ്രത്യക്ഷത്തില്‍ സാമ്യതയില്ല. എന്നാല്‍, മഹാഭാരത കഥകള്‍ എന്നും സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. കോവിഡ്19 കാലത്ത് സിനിമകളിലോ മറ്റു വിനോദങ്ങളിലോ മുഴുകാനാകാതെ അരക്ഷിതാവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രതിദിനം പുറത്തുവിട്ടിരുന്ന കോവിഡ് കണക്കുകള്‍ ആശങ്കയുണ്ടാക്കിയിരുന്നു. ജയിലില്‍ കഴിഞ്ഞപോലെയായിരുന്നു ആ നാളുകള്‍ തള്ളിനീക്കിയത്. അരക്ഷിതാവസ്ഥ എത്രയും പെട്ടെന്ന് മാറട്ടെ എന്ന് ആഗ്രഹിക്കുകയും ചെയ്തു.
സഹസംവിധായകനായിരുന്നപ്പോള്‍ മമ്മുട്ടിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്ന തനിക്ക് അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍ പറഞ്ഞു. മമ്മുട്ടിയെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ”ചെറുകഥ’ എന്ന ചിത്രം ആദ്യ ചിത്രമായ ‘പറവ’യ്ക്ക് മുന്‍പേ നിര്‍മിക്കാനുദ്ദേശിച്ചതായിരുന്നു. അതൊരു വലിയ ചിത്രമായതിനാല്‍ രണ്ടാമത്തേതായി മാറ്റിവയ്ക്കുകയായിരുന്നു. ഒരു ട്രാവല്‍ ചിത്രമായിരിക്കും ചെറുകഥയെന്നും സൗബിന്‍ പറഞ്ഞു. ട്രൂത്ത് ഗ്ലോബല്‍ പ്രതിനിധി അബ്ദുല്‍ സമദും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.