കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ടെലിവിഷന്‍ ടവര്‍ തകര്‍ത്ത് റഷ്യന്‍ സേന. ഇതോടെ കീവിലെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചു. ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നും അഞ്ചുപേര്‍ക്കു പരുക്കേറ്റെന്നും യുക്രെയ്ന്‍ അറിയിച്ചു. തുടര്‍ച്ചയായുള്ള സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രെയ്‌നിലെ ടിവി ചാനലുകളുടെ സംപ്രേഷണം മുടങ്ങിയെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കീവിലുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയുടെ ആക്രമണങ്ങള്‍ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ യുക്രെയ്ന്‍ പരാതി നല്‍കി. യുദ്ധത്തിനെതിരെ റഷ്യയ്ക്കുമേലുള്ള ഉപരോധത്തില്‍ ആപ്പിള്‍ കമ്പനിയും ഭാഗമായി. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന റഷ്യയില്‍ നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു.