കൊച്ചി :സി.പി.എമ്മിന്റെ നട്ടെല്ലാണ് കേരളമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്.എസ്.എസ്.-ബി.ജെ.പി. സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയയുദ്ധം നടക്കുമ്പോള്‍ കേരളം ഉയര്‍ത്തുന്ന പ്രതിരോധം ഇന്ത്യയ്ക്കാകെ ആവേശം പകരുന്നതാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം. സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്മാത്രമാണ് ഇടതുപക്ഷമുള്ളതെന്നും അത് അപകടരമായ പ്രത്യയശാസ്ത്രമാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നും അവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു.
ബി.ജെ.പി. സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന, പൊതുമുതല്‍ കൊള്ളയടിക്കുന്നതും രാജ്യത്തിന്റെ ഐക്യത്തിനെതിരുമായ നയങ്ങള്‍ക്കുള്ള ബദലാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടാണ് പേടിക്കേണ്ടതായി അവര്‍ക്ക് തോന്നുന്നത്.