കൊച്ചി: കോടിയേരി ബാലകൃഷ്ണന്‍ മൂന്നാംവട്ടവും സിപിഎം സംസ്ഥാന സെക്രട്ടറിയാകും. മാറുന്ന പാര്‍ട്ടിമുഖത്തിന് ജനപ്രിയതയുടെ അടിത്തറ ഉറപ്പാക്കുകയെന്ന ദൗത്യവുമായാണ് മൂന്നാമൂഴത്തിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നത്. തുടര്‍ഭരണത്തില്‍നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്കു പാര്‍ട്ടിയെ വഴി നടത്തിക്കുകയെന്ന ഭാരിച്ച ദൗത്യം കോടിയേരിയുടെ കൈകളില്‍ ഭദ്രമാണെന്ന് സിപിഎം കരുതുന്നു.
2016ല്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത് മുതല്‍ ഭരണവും പാര്‍ട്ടിയും ഒരേവഴിക്കു സഞ്ചരിക്കാന്‍ രാസത്വരകമായി നിന്ന പാര്‍ട്ടി സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണന്‍. 2006ല്‍ പാര്‍ട്ടിയും ഭരണവും രണ്ടു വഴിക്കു നീങ്ങി വിവാദങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലച്ചെങ്കില്‍, കോടിയേരി കടിഞ്ഞാണേറ്റെടുത്ത ആറ് ആണ്ടുകള്‍ സിപിഎമ്മില്‍ വിഭാഗീയത ഇല്ലാത്ത കാലമായി. വ്യക്തിപരമായ വിവാദങ്ങള്‍ ഇടക്കാലത്ത് ഉലച്ചപ്പോഴും സമചിത്തതയോടെ അഭിമുഖീകരിച്ച കോടിയേരി പാര്‍ട്ടിയെ ആ വിവാദങ്ങള്‍ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോയി.
ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും സിപിഎമ്മിനെ പുതിയകാലത്ത് നയിക്കാന്‍ കോടിയേരിയല്ലാതെ മറ്റൊരാളെ പാര്‍ട്ടി കാണുന്നില്ല. വര്‍ത്തമാനകാല സിപിഎമ്മിലെ ഏറ്റവും ജനപ്രിയ മുഖങ്ങളിലൊന്നാണ് കോടിയേരി. പാര്‍ട്ടി സമ്മേളനവേദിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട വികസനയരേഖ പല ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കേ, പുതിയ നയങ്ങള്‍ പാര്‍ട്ടിപരിപാടിയോട് ചേര്‍ന്നുള്ള നയപരിപാടിയായി ഏറ്റെടുത്തു നടപ്പിലാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും കോടിയേരിയുടെ ചുമലിലാണ്.
കണ്ണൂരിലെ കല്ലറ തലായി എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 13നാണ് ജനനം. നാലു പെങ്ങന്മാരുടെ പ്രിയപ്പെട്ട അനുജനായാണ് ഏറ്റവും ഇളയവനായ ബാലകൃഷ്ണന്‍ വളര്‍ന്നത്. ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഓണിയന്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പടിക്കുമ്പോള്‍ കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കോടിയേരി രാഷ്ട്രീയത്തില്‍ എത്തുന്നത്.