കൊച്ചി: വികസന വിരുദ്ധതയ്ക്കെതിരെ ക്യാംപെയ്ന് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. നവകേരള സൃഷ്ടിക്കുവേണ്ടി സജീവമായി മുന്നോട്ടുപോകണമെങ്കില്‍ പാര്‍ട്ടി സജ്ജമാകണം.
പാര്‍ട്ടിയുടെ അണികള്‍ നയരേഖയിലെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. അതിനു വേണ്ടി 2022 മേയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളിലും നയരേഖ വിശദീകരിക്കും. വികസന രേഖ ആറുമാസത്തിനകം ചര്‍ച്ച ചെയ്ത് അംഗീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുകയാണ്. ഇതിനെതിരെ സമൂഹത്തില്‍ ബോധവത്കരണം സംഘടിപ്പിക്കും. മയക്കുമരുന്നു വിമുക്ത കേരളം എന്ന രീതിയില്‍ ഇതു വളര്‍ത്തിക്കൊണ്ടുവരണം.
പാര്‍ട്ടി ഇതിനകം ആയിരത്തി ഒരുനൂറോളം വീടുകളാണു നിര്‍മാണം പൂര്‍ത്തിയാക്കി ഏല്പിച്ചത്. ആയിരം വീടുകളാണ് ഇനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള പരിപാടികള്‍ ലോക്കല്‍ കമ്മിറ്റികള്‍ വഴി ഒരുക്കും.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ തുറന്നു കാണിക്കാന്‍ മേയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഭാവി കടമകള്‍ സംബന്ധിച്ച് ഇത്തരം 30 പരിപാടികളാണ് സംസ്ഥാന സമ്മേളനം അംഗീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.