തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന് അഖില്‍ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകന് നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 1.45നാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപവാസികളാണ് വിവരം അഗ്നിശരക്ഷാസേനയെ അറിയിച്ചത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് ആദ്യം തീപിടിച്ചതെന്നാണ് വിവരം. അവിടെ നിന്ന് ഇരുനില വീട്ടിലേക്ക് തീപടരുകയായിരുന്നു.
വീടിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തിയ നിലയിലാണെന്ന് റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. തീപിടിത്തതിന്റെ കാരണം അറിയാന്‍ വിശദമായ അന്വേഷണം വേണമെന്നും മുറികളിലെ എസികള്‍ ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു.