കീവ് / മോസ്‌കോ: ബെലാറൂസില്‍ വച്ചു നടന്ന റഷ്യ-യുക്രെയ്ന്‍ മൂന്നാംഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. യുക്രെയ്‌നിലെ വെടിവയ്പ്പ് നിര്‍ത്തുന്നതില്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല.വരും ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു.ചര്‍ച്ചയില്‍ യുക്രെയ്ന്‍ പുരോഗതി പ്രകടിപ്പിച്ചു.
മൂന്നാംഘട്ട ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും അടുത്ത ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആകുമെന്ന് തോന്നുന്നില്ലെന്നുമാണ് റഷ്യയുടെ പ്രതികരണം. അടുത്ത് തന്നെ വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റഷ്യ വ്യക്തമാക്കി. നാലാം ഘട്ട ചര്‍ച്ച നടക്കുന്ന തീയതി ഇന്നു തീരുമാനിക്കുമെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു.
വ്യാഴാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യുക്രെനിയന്‍ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച. ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇരുരാജ്യങ്ങളുടെയും ഉന്നത രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള ആദ്യ ചര്‍ച്ചയാണിത്. ചര്‍ച്ചയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലുവും പങ്കെടുക്കും.
യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും യുക്രെയ്‌നിലെ പല സ്ഥലങ്ങളിലും റഷ്യന്‍ ആക്രമണം തുടരുകയാണ്. ഹാര്‍കീവിനടുത്ത് നടന്ന ഏറ്റുമുട്ടലില്‍ റഷ്യന്‍ മേജര്‍ ജനറലിനെ വധിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. ഒഡേസയിലും ആക്റ്റിര്‍ക്കിയിലും ഉള്‍പ്പടെയുള്ള നിരവധി നഗരങ്ങളില്‍ ഷെല്‍ ആക്രമണം തുടരുന്നു.