റഷ്യന്‍ ട്രക്കുകളുടെ ശവപ്പറമ്പായി മാറുകയാണ് യുക്രെയ്നിലെ റോഡുകള്‍. സാധാരണ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ പോലും യുദ്ധഭൂമിയിലേക്കുള്ള റഷ്യന്‍ ചരക്കു നീക്കത്തെ തടസപ്പെടുത്തിയതോടെ വിചിത്രമായ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുകയാണ് റഷ്യ. ട്രക്കുകള്‍ക്ക് മുന്നിലും വശങ്ങളിലും പിറകിലുമെല്ലാം തടികള്‍ ഉപയോഗിച്ചുള്ള സുരക്ഷാ കവചമാണ് റഷ്യന്‍ ട്രക്കുകള്‍ തീര്‍ത്തിരിക്കുന്നത്.
മരങ്ങള്‍കൊണ്ടു തീര്‍ത്ത സുരക്ഷാ കവചവുമായി നീങ്ങുന്ന റഷ്യന്‍ കമാസ് (KAMAZ) ട്രക്കുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. യുക്രെയ്നിലുള്ള റഷ്യന്‍ വാഹനങ്ങളുടെ സവിശേഷമായ V അടയാളവും ഇതില്‍ വ്യക്തമായി കാണാനാകും. റഷ്യന്‍ സൈനിക വാഹനങ്ങളോട് സാമ്യതയുള്ള വാഹനങ്ങളാണ് യുക്രെയ്ന്‍ സൈന്യത്തിലുമുള്ളത്. സ്വന്തം വാഹനങ്ങള്‍ക്ക് നേരെയുള്ള അനാവശ്യ ആക്രമണം ഒഴിവാക്കാനാണ് ഇത്തരം അടയാളങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.
റഷ്യന്‍ സേന കൂടുതല്‍ കൂടുതല്‍ യുക്രെയ്നിലേക്ക് പോകുമ്പോള്‍ സാധനങ്ങളുടേയും സൈനികരുടേയും വിതരണ ശൃംഖല തകര്‍ക്കുകയെന്നത് യുക്രെയ്ന്‍ സൈന്യത്തിന്റെ പ്രധാന പ്രതിരോധ തന്ത്രവുമായി മാറിയിട്ടുണ്ട്. പ്രധാനമായും ഇന്ധനം വഹിച്ചുകൊണ്ടുള്ള ട്രക്കുകളെയാണ് യുക്രെയ്ന്‍ സൈന്യം ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെലാറസിനോട് ചേര്‍ന്നുള്ള പ്രിപ്യാറ്റ് നദിയിലെ പാലത്തിനോട് ചേര്‍ന്നും വലിയ തോതില്‍ റഷ്യന്‍ യുക്രെയ്ന്‍ സേനകള്‍ തമ്മില്‍ പോരാട്ടം നടന്നിരുന്നു.
വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാനായി മരത്തടികള്‍ കൊണ്ടുള്ള സുരക്ഷാകവചങ്ങളാണ് റഷ്യന്‍ ട്രക്കുകളില്‍ തീര്‍ത്തിരിക്കുന്നത്. യുക്രെയ്നിലൂടെ സഞ്ചരിക്കുന്ന റഷ്യന്‍ ട്രക്കുകള്‍ക്ക് അപ്രതീക്ഷിതമായ തോക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങള്‍ വലിയ വെല്ലുവിളിയാണ് തീര്‍ക്കുന്നത്. യുക്രെയ്നിലെ യാത്രക്കിടെ എന്തെങ്കിലും യന്ത്രതകരാറുകള്‍ സംഭവിച്ച് പാതിവഴിയില്‍ ട്രക്കുകള്‍ നിന്നു പോവുകയെന്നത് റഷ്യന്‍ ഡ്രൈവര്‍മാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ദുഃസ്വപ്നമായി മാറിയിരിക്കുന്നു.