തിരുവനന്തപുരം കേന്ദ്രം നല്‍കുന്ന ജിഎസ്ടി നഷ്ടപരിഹാരം ജൂണില്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്. വരുമാനം കുറയുകയും കടം കൂടുകയും ചെയ്യുന്ന കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നിയമം അനുസരിച്ച് ജൂണിനുശേഷം കേന്ദ്രത്തിന് ജിഎസ്ടി നഷ്ടപരിഹാരം നല്‍കേണ്ടതില്ലാത്തതിനാല്‍ 9,000 കോടിരൂപയുടെ നഷ്ടം ഒന്‍പതു മാസത്തിനിടെ സംസ്ഥാനത്തിനുണ്ടാകും. നമ്മുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇതു സാരമായി ബാധിക്കും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 11,000 കോടിയിലധികം രൂപയാണ് സംസ്ഥാനം കടമെടുത്തിരിക്കുന്നത്. ധനകമ്മി ഉയര്‍ന്ന് ട്രഷറി പൂട്ടല്‍ അടക്കമുള്ള വലിയ പ്രതിസന്ധിയുടെ സൂചനകളും തെളിഞ്ഞു വരുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വളര്‍ച്ച ഉണ്ടെന്നാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയത്. ഇതു നിലനിര്‍ത്തുകയെന്ന ദൗത്യമാണ് ധനമന്ത്രിക്കു മുന്നില്‍. ജനങ്ങളുടെ കയ്യില്‍ പണം എത്തിച്ച് വിപണി സജീവമാക്കണം, അതിന് സര്‍ക്കാരിന്റെ കയ്യില്‍ പണം വേണം. ആശയങ്ങള്‍ പലതുണ്ടെങ്കിലും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലാത്തത് പണമാണ്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗം മദ്യമാണ്. അതിന്റെ നികുതി കൂടുതലായതിനാല്‍ ഇനിയും കൂട്ടാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹന നികുതിയും കൂടുതലാണ്. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടി ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ വരുമാനം ഉയര്‍ത്താനാകും സര്‍ക്കാര്‍ നീക്കം.