ബെംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 148 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായി. സ്പിന്നിനെ കാര്യമായി തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ ‘കറക്കി വീഴ്ത്തുകയായിരുന്നു’. 44 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യന്‍ പ്രതീക്ഷകളുടെ ആണിക്കല്ലായി ശ്രേയസ് അയ്യരും (36) രവിചന്ദ്രന്‍ അശ്വിനും (9) ക്രീസില്‍.
ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് പുറത്തായ താരങ്ങളില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. പന്ത് 26 പന്തില്‍ ഏഴു ഫോറുകള്‍ സഹിതം 39 റണ്‍സെടുത്തു. ഹനുമ വിഹാരി (81 പന്തില്‍ 31), വിരാട് കോലി (48 പന്തില്‍ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ (ഏഴു പന്തില്‍ നാല്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (25 പന്തില്‍ 15), കഴിഞ്ഞ മത്സരത്തിലെ വിജയശില്പി രവീന്ദ്ര ജഡേജ (14 പന്തില്‍ നാല്) എന്നിവര്‍ നിരാശപ്പെടുത്തി.
ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദെനിയ 16 ഓവറില്‍ 55 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. പ്രവീണ്‍ ജയവിക്രമ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.