വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കി. കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ് അതിര്‍ത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെന്‍സെനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചും ശക്തമായ ലോക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ ഐഫോണ്‍ നിര്‍മാണ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തി. ഹോങ്കോങ് അതിര്‍ത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുന്‍ നഗരങ്ങളിലും ഭാഗിക ലോക്ഡൗണ്‍ ഉണ്ട്. വിവിധ പ്രവിശ്യകളില്‍ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയയില്‍ തിങ്കളാഴ്ച 3,09,790 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 3 ലക്ഷത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ വ്യാപനത്തിനു കാരണം ഒമിക്രോണ്‍ വകഭേദമാണെന്നാണു വിലയിരുത്തല്‍. ജനുവരി അവസാനത്തോടെയാണു രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്.