ന്യൂഡല്‍ഹി: ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തര്‍. സ്ഥാനാര്‍ഥിത്വത്തിനു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകള്‍ ഉയര്‍ന്നതോടെ ചര്‍ച്ചകള്‍ സമവായമാകാതെ നീണ്ടു പോയിരുന്നു. തുടര്‍ന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മൂന്നു പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്. എം.ലിജു, ജെയ്‌സന്‍ ജോസഫ് എന്നിവരായിരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
സംസ്ഥാനത്ത് ചര്‍ച്ച നടത്തുന്നതിന് മുന്‍പ് എം.ലിജുവിനായി കെ.സുധാകരന്‍ നേരിട്ട് ഡല്‍ഹിയില്‍ സമ്മര്‍ദം ചെലുത്തിയത് ശരിയായില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ.സുധാകരന്റെ നോമിനികളായി എം.ലിജു, ജെ.ജയന്ത്, വി.ഡി.സതീശന്റെ മനസ്സിലുള്ള വി.എസ്.ജോയി, ജെബി മേത്തര്‍, കെ.സി.വേണുഗോപാലിന്റെ നോമിനിയായി ജോണ്‍സന്‍ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവച്ച ജെയ്‌സന്‍ ജോസഫ്, സോണി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.
ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിര്‍ത്തുന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്തു അന്തിമമാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നെങ്കില്‍ സമവായമായിരുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപ്രതിക നല്‍കിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോയതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു.