ബെയ്ജിങ്: യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി യുഎസും ചൈനയും. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും രണ്ട് മണിക്കൂര്‍ വിഡിയോ കോളില്‍ യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവച്ചു.
ഇപ്പോഴത്തെ യുദ്ധത്തിനോട് ആര്‍ക്കും താല്‍പര്യമില്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് ചൈന നില്‍ക്കേണ്ടതുണ്ട്. അത് ആവശ്യമാണ്. ഇപ്പോള്‍ യുക്രെയ്‌നില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. സമാധാനവും സുരക്ഷയുമാണ് രാജ്യാന്തര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികള്‍.
ചൈനയും യുഎസും രാജ്യാന്തര ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും ഷി ചിന്‍പിങ് പറഞ്ഞു. പുട്ടിനെ പിന്തുയ്ക്കുകയാണോ അതോ റഷ്യയ്‌ക്കെതിരായ യുഎസിന്റെ നടപടികള്‍ക്ക് പിന്തുണയാണോ ചൈന നല്‍കുന്നതെന്ന് വ്യക്തമല്ല.
അതേസമയം, റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ ചൈന ഒരുക്കമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിന് ശേഷം വിവിധ രാജ്യങ്ങള്‍ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ചൈന നടപടികളൊന്നും സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ചൈനയുടെ ഭാവി യുഎസ്, യൂറോപ്പ്, മറ്റ് വികസിത-വികസ്വര രാജ്യങ്ങള്‍ക്കൊപ്പമാണെന്നും അല്ലാതെ വ്‌ളാഡിമിര്‍ പുട്ടിനൊപ്പമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ പറഞ്ഞിരുന്നു.