തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിക്ക് പിന്നാലെ എഐസിസി അംഗത്വവും വിഎം സുധീരന്‍ രാജി വച്ചു. കെപിസിസി പ്രസിഡന്റും പ്രതലിപക്ഷ നേതാവുമടക്കം അനുനയ നീക്കം നടത്തുന്നതിനിടെയാണ് സുധീരന്‍ എഐസിസിയില്‍ നിന്നും രാജി വച്ചത്.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാര്‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം പാര്‍ട്ടിയെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ മുറ്റത്ത് കൊണ്ടു കെട്ടാനുള്ള നീക്കമാണ് സുധീരന്റെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും പറയപ്പെടുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എസ്എന്‍ഡിപി യുണിയന്‍ നേതാക്കളുമായി കണിച്ചു കുളങ്ങരയിലേക്ക് പാഞ്ഞു. കെപിസിസി അംഗത്വം കിട്ടാന്‍ കെപിസിസി പ്രസിഡന്റിനോട് ശിപാര്‍ശ ചെയ്യാന്‍ വേണ്ടിയാണ് ഇങ്ങനെ ചെന്നത്. ഇവര്‍ക്ക് വേണ്ടി വെള്ളാപ്പള്ളി ശിപാര്‍ശ ചെയ്തുവെന്നും അറിയുന്നു.
ഈ വിവരം അറിഞ്ഞതിന് ശേഷമാണ് സുധീരന്‍ ഇടഞ്ഞത്. സുധീരനും വെള്ളാപ്പള്ളിയുമായുള്ള ശത്രുതയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ച സുധീരനെ തോല്‍പ്പിക്കാന്‍ വെള്ളാപ്പള്ളി ആഹ്വാനം ചെയ്തിരുന്നു. പക്ഷേ, അന്നവിടെ സുധീരനായിരുന്നു വിജയം. അതിന് ശേഷവും കോണ്‍ഗ്രസില്‍ നിന്ന് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചിരുന്ന ഏക ആള്‍ സുധീരനായിരുന്നു.
സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടാവാത്തതില്‍ ദുഃഖമുണ്ടെന്നും രാജി കത്തില്‍ പറയുന്നു.
രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇടപെട്ടിരുന്നു. എങ്കിലും സുധീരന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എഐസിസി അംഗത്വവും രാജിവച്ചതോടെ അനുനയ നീക്കം കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഇന്നലെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് പുതിയ സംസ്ഥാന നേതൃത്വവും മതിയായ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരിഭവം ചില ഉദാഹരണങ്ങള്‍ നിരത്തി സുധീരന്‍ പറഞ്ഞു. സുധീരനെ മന:പൂര്‍വം അവഗണിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, തുടക്കത്തില്‍ ചില വീഴ്ചകളുണ്ടായെന്ന് സമ്മതിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പിന്നീട് സുധീരനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയതും ചൂണ്ടിക്കാട്ടി. സതീശനും സുധാകരനുമടക്കമുള്ള പുതിയ നേതൃത്വം വരുന്നതിനായി വാദിച്ച തനിക്ക്, പക്ഷേ നിരാശയാണുണ്ടായതെന്നാണ് സുധീരന്റെ പരിഭവം. കഴിഞ്ഞകാല നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് പുതിയ നേതൃത്വം വരണമെന്ന് ആഗ്രഹിച്ചതെങ്കിലും അവരും പഴയ വഴിക്ക് നീങ്ങുന്നുവെന്ന്, ഡിസിസി പ്രസിഡന്റുമാരുടെ നിയമനക്കാര്യവും കെപിസിസി പുന:സംഘടനാ ചര്‍ച്ചയുമടക്കം ചൂണ്ടിക്കാട്ടി സുധീരന്‍ വിശദീകരിച്ചു. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലാക്കുമെന്ന പേരില്‍ നടത്തുന്ന പരിഷ്‌കാരങ്ങളിലും അതൃപ്തിയറിയിച്ചു.
രാജിയില്‍ സുധീരന്‍ ഉറച്ചുനിന്നാലും മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തെയും തുടര്‍ന്നുള്ള പുന:സംഘടനാ ചര്‍ച്ചകളിലടക്കം ഉള്‍ക്കൊള്ളാനുള്ള ശ്രമം നേതൃത്വം നടത്തിയേക്കും. സുധീരനെയും മുല്ലപ്പള്ളിയെയും പരമാവധി സഹകരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇരുവരും വിട്ടുനില്‍ക്കുന്നുവെന്ന പരിഭവം സംസ്ഥാന നേതൃത്വത്തിനുണ്ട്.