തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ റെയില്‍ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യം പതിച്ച ബാനറുകളുമായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതീകാത്മകമായി കല്ലിട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും നടന്നു.
ഷാഫി പറമ്പില്‍, കെ.എസ്.ശബരിനാഥന്‍, റിജില്‍ മാക്കുറ്റി എന്നിവര്‍ ചേര്‍ന്ന് ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. പിന്നീട് വീണ്ടും വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുകളിലേക്കു കയറി മുദ്രാവാക്യം വിളിച്ചു. പ്രതീകാത്മകമായാണ് സെക്രട്ടേറിയറ്റിനു പുറത്ത് കല്ലിട്ടതെന്നും വരുംദിവസങ്ങളില്‍ സെക്രട്ടേറിയറ്റിന് അകത്ത് കല്ലിടുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സമരം അടിച്ചമര്‍ത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.