ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ശശി തരൂരിന് അനുമതിയില്ല. സെമിനാറില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് കേരള ഘടകത്തെ വെല്ലുവിളിക്കരുതെന്ന് തരൂരിനോട് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു. സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിക്കാന്‍ സോണിയ നിര്‍ദ്ദേശിച്ചുവെന്നും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തരൂര്‍ അടക്കമുള്ളവര്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കുന്നതിലുള്ള ആശങ്ക നേതാക്കള്‍ അവരെ ധരിപ്പിച്ചതായാണ് വിവരം. ഇതേത്തുടര്‍ന്ന് സെമിനാറിലേക്ക് ക്ഷണം ലഭിച്ച നേതാക്കള്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കണമെന്ന് സോണിയ നിര്‍ദ്ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍ദ്ദേശം വന്നതിന് പിന്നാലെ, സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍ രംഗത്തെത്തി. പങ്കെടുക്കാന്‍ കഴിയില്ല എന്നകാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറുകളിലേക്ക് ശശി തരൂര്‍, കെ.വി. തോമസ് എന്നിവരെയാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് കേരള ഘടകം രംഗത്തെത്തിയിരുന്നു. സെമിനാറില്‍ കെ.പി.സി.സി.യുടെ വിലക്ക് ലംഘിച്ച് ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പി. മുന്നറിയിപ്പ് നല്‍കിയിരുന്നു.