പത്തനംതിട്ട: ഗുജറാത്ത് രാജസ്ഥാന് അതിര്‍ത്തിയിലെ സതാപുരയിലും പിന്നീട് ഹരിദ്വാറിലും കണ്ട മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്ന് ഉറപ്പിച്ച് പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീന് ഇസ്മയില്‍ നല്കിയ തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം ഹരിദ്വാറില്‍.
റംസീന് നല്കിയ വീഡിയോയില്‍ ഉള്ളയാളെ കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞില്ലെങ്കിലും ഇയാള്‍ ഒരു സന്യാസി സമൂഹത്തിലെ അംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്യാസി സമൂഹങ്ങളിലും മഠങ്ങളിലും കയറി തെരച്ചില്‍ നടത്താന്‍ ബുദ്ധിമുട്ട് ഉള്ളയിനാല് അന്വേഷണ സംഘം മടങ്ങി.
റംസീന് കൈമാറിയ വീഡിയോയില്‍ ഉള്ളയാള്‍ തങ്ങള്ക്കൊപ്പമുള്ളയാളാണെന്ന് ഒരു സന്യാസി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇയാളെ കുറിച്ച് വ്യക്തിപരമായി കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് സന്യാസിമാര്‍ പറയുന്നത്. അദ്ദേഹം തീര്ഥാടനത്തിലാണെന്നും ഗുജറാത്ത്, രാജസ്ഥാന് അതിര്‍ത്തിയിലോ ബീഹാറില്‍ എവിടെയെങ്കിലുമോഉണ്ടാകുമെന്നുമാണ് സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
ഇയാള്‍ വര്‍ഷങ്ങളായി ഇതേ സന്യാസ സമൂഹത്തിനൊപ്പമുണ്ട്. ഏതു നാട്ടുകാരനാണെന്നതിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയില്ല. വസ്ത്രധാരണം, ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം എന്നിവ നോക്കിയാണ് തങ്ങളുടെ സംഘത്തിലുള്ളവരെ ഓരോ സന്യാസ സമൂഹവും തിരിച്ചറിയുന്നത്.
അങ്ങനെയാണ് വീഡിയോയിലുള്ളയാള്‍ തങ്ങളുടെ സമൂഹാംഗമാണെന്ന് അവര്‍ അറിയിച്ചത്. ഇയാളെ വ്യക്തിപരമായി അറിയാവുന്നവര്‍ സന്യാസ സമൂഹത്തിലില്ല. എവിടേക്ക് പോയാലും തങ്ങളുടെ സമൂഹത്തില്പ്പെട്ടവര്ക്കൊപ്പമേ താമസിക്കാന്‍ കഴിയൂവെന്ന നിര്‍ണായക വിവരവും ഇവര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഇങ്ങനെ ഒരാളുണ്ടെന്ന് മനസിലാക്കിയ സ്ഥിതിക്ക് അയാള്‍ക്ക് പിന്നാലെ കൂടാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്യാനാണ് നീക്കം.
സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ്. നുമാന്റെ നേതൃത്വത്തിലുളള സംഘമാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.പൊലീസിനും ക്രൈംബ്രാഞ്ചിനും പല തവണ റംസീന് തെളിവുകള്‍ നല്‍കിയെങ്കിലും ആരും അത് പരിശോധിക്കാന്‍ തയാറായില്ല. റംസീന് തനിക്കൊപ്പം കഴിഞ്ഞയാള്‍ സുകുമാരക്കുറുപ്പാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ഓണ്‍ലൈനുകളിലൂടെ ആയിരുന്നു. വാര്‍ത്ത വൈറലായതോടെ അന്വേഷണ സംഘത്തിനും അവഗണിക്കാനായില്ല. ഇതിനിടെ റംസീന് മുഖ്യമന്ത്രിക്ക് പരാതിയും നല്കി. ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കാന്‍ വന്നതോടെ മറ്റു മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു.
പത്തനംതിട്ട ബിവറേജസ് മദ്യവില്‍പ്പന ശാലയുടെ മാനേജരാണ് വെട്ടിപ്രത്തുകാരന്‍ റംസീന് ഇസ്മയില്‍.ഗുജറാത്ത്രാജസ്ഥാന് അതിര്‍ത്തിയിലെ സദാപുരയില്‍ തനിക്കൊപ്പം കൂട്ടുകൂടി നടന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നായിരുന്നു റംസീന് വെളിപ്പെടുത്തിയത്.
ഇയാള്‍ കുറുപ്പാണെന്ന് സംശയിക്കത്തക്ക വിവരങ്ങളും അദ്ദേഹം പങ്കു വച്ചു. പലപ്പോഴും പലരും അവകാശപ്പെട്ടതു പോലെയുള്ള കുറുപ്പാകും ഇതെന്ന് കരുതി അന്വേഷണ സംഘം ഈ വെളിപ്പെടുത്തല്‍ മുഖവിലയ്ക്ക് എടുത്തില്ല. താന്‍ പറഞ്ഞ സന്യാസിയുടെ വീഡിയോ പുറത്തു വിട്ട് റംസീന് വീണ്ടും ഞെട്ടിച്ചു. ഇതോടെ കുറുപ്പ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സിഐഡി സംഘം ഉണര്‍ന്നെണീറ്റു.
ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ്. നുമാന് കേസന്വേഷണം ഏറ്റെടുത്തു. അടച്ചു വച്ചിരുന്ന കുറുപ്പ് ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ്.
2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീന് അവകാശപ്പെട്ടത്. നടന്ന ആ സംഭവം ഓര്‍ത്തെടുത്ത് വിശദമായി പറഞ്ഞുവെങ്കിലും തെളിവിന് ഹാജരാക്കാന്‍ താന്‍ സംശയിക്കുന്നയാളുടെ ചിത്രങ്ങളൊന്നും തന്നെ ഹാജരാക്കാന്‍ റംസീന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, അയാളുടെ ബാഗും വാച്ചുമൊക്കെ നാട്ടില്‍ കൊണ്ടു വന്ന് കുറുപ്പിന്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിന് നല്കാന് വേണ്ടി ആലപ്പുഴ എസ്പിക്ക് കൈമാറിയിരുന്നു. കുറുപ്പെന്ന് കരുതുന്നയാള്‍ തനിക്കൊപ്പം താമസിക്കുമ്പോള്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ വച്ച് ഇയാള്‍ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്ന് റംസീന് ഉറപ്പായിരുന്നു.
ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു ഇയാളുടെ ദൃശ്യം പതിയാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവല്‍ വ്ളോഗുകളും ഇയാള്‍ പരിശോധിച്ച് വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇയാളുടെ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു ദൃശ്യം ഇയാളുടെ കണ്ണില്‍പ്പെട്ടത്. തനിക്കൊപ്പം സദാപുരയില്‍ കഴിഞ്ഞിരുന്ന അതേ ആള് ഹരിദ്വാറില്‍! കാവിജുബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തില്‍ ചെറുതും വലുതുമായ രുദ്രാക്ഷ മാലകള്‍. കൈയില്‍ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീന് ശ്രദ്ധിച്ചിരുന്നു. അതിനുള്ളില്‍ വടിവാളാണ്. അധികമാര്‍ക്കും അറിയാത്ത രഹസ്യമാണത്. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീന് വീഡിയോ ദൃശ്യം കട്ട് ചെയ്ത് സുകുമാരക്കുറുപ്പിന്റെ അയല്‍വാസിക്ക് അയച്ചു കൊടുത്തു. ഇത് കുറുപ്പ് തന്നെയാണെന്ന് അയാള്‍ സാക്ഷ്യം പറയുന്നു. പക്ഷേ, ഈ സന്യാസിയെ കണ്ടെത്തി തെളിയിക്കും വരെ കുറുപ്പാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.