സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റിന്റെ തോല്‍വി

0 second read
0
0

ദുബായ്: ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയും രാജസ്ഥാനെ രക്ഷിച്ചില്ല. പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റിന്റെ തോല്‍വി. സീസണില്‍ ഹൈദരാബാദിന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. രാജസ്ഥാന്റെ 164 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ്, 18.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു.

അര്‍ധസെഞ്ചുറി തികച്ച ഓപ്പണര്‍ ജേസണ്‍ റോയ് (42 പന്തില്‍ 60), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (41 പന്തില്‍ 51*) എന്നിവരാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പികള്‍. വൃദ്ധിമാന്‍ സാഹ (18), അഭിഷേക് ശര്‍മ (21), പ്രിയം ഗാര്‍ഗ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. പോയിന്റ് പട്ടികയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് ഇറങ്ങിയ രാജസ്ഥാന് അതിനു സാധിച്ചില്ല. എട്ടു പോയിന്റുമായി അവര്‍ ഏഴാം സ്ഥാനത്താണ്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തത്. 57 പന്തില്‍ മൂന്നു സിക്‌സും ഏഴു ഫോറും സഹിതമാണ് സഞ്ജു 82 റണ്‍സെടുത്തത്. അവസാന ഓവറില്‍ സിദ്ധാര്‍ഥ് കൗളിന്റെ പന്തില്‍ ജേസണ്‍ ഹോള്‍ഡറിന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.

ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ എവിന്‍ ലൂയിസിനെ നഷ്ടപ്പെട്ട രാജസ്ഥാനായി രണ്ടാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23 പന്തില്‍ 36 റണ്‍സെടുത്ത ജയ്‌സ്വാള്‍ ഒമ്പതാം ഓവറില്‍ ഔട്ടായി. ലിയാം വിവിങ്സ്റ്റണ്‍ (4), മഹിപാല്‍ ലോംറോര്‍ (29), റിയാന്‍ പരാഗ് (പൂജ്യം), രാഹുല്‍ തെവാട്ടിയ (0*) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. ഹൈദരാബാദിനായി സിദ്ധാര്‍ഥ് കൗള്‍ രണ്ടും റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…