ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് കരുതലോടെ മാത്രമേ നടപടിയെടുക്കൂ എന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവര്‍ത്തിച്ചതോടെ പദ്ധതിയുടെ അന്തിമാനുമതി സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. പ്രധാനമന്ത്രി അനുഭാവപൂര്‍വം വിഷയം കേട്ടുവെന്നും റെയില്‍വേ മന്ത്രിയോടു ചര്‍ച്ച ചെയ്യാമെന്നു വാഗ്ദാനം ചെയ്‌തെന്നും മുഖ്യമന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണു മന്ത്രി രാജ്യസഭയില്‍ പഴയ നിലപാട് ആവര്‍ത്തിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലെ ഓഫിസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയത്. അതീവ ശ്രദ്ധയോടെയും ഏറെ സമയമെടുത്തുമാണു പ്രധാനമന്ത്രി കാര്യങ്ങള്‍ കേട്ടതെന്നും തികച്ചും അനുഭാവപൂര്‍ണമായ സമീപനവും ആരോഗ്യകരമായ പ്രതികരണവുമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഈ ചര്‍ച്ച നടക്കുമ്പോള്‍ ഓഫിസിനോടു ചേര്‍ന്ന മുറിയില്‍ റെയില്‍വേ മന്ത്രിയുമുണ്ടായിരുന്നു. ചര്‍ച്ച കഴിഞ്ഞു പതിനൊന്നരയോടെ പുറത്തിറങ്ങിയ മുഖ്യമന്ത്രി മന്ത്രിയുമായി അനൗപചാരിക സംഭാഷണം നടത്തിയ ശേഷമാണു മടങ്ങിയത്. പിന്നീട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും മുഖ്യമന്ത്രി കണ്ടു. റെയില്‍വേ മന്ത്രി പിന്നീട് പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
വൈകിട്ട് 4 നാണു പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ചര്‍ച്ചയെക്കുറിച്ചു വിശദീകരിച്ചത്. എന്നാല്‍, 6 മണിയോടെ റെയില്‍വേ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍, സില്‍വര്‍ലൈന്‍ കാര്യത്തില്‍ ധൃതി വേണ്ട, സമയമെടുക്കുമെന്ന മട്ടിലാണു മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ പറഞ്ഞ അതേ കാര്യങ്ങളാണ് പറഞ്ഞത്.
തൊട്ടുപിന്നാലെ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് സമിതി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ. കൃഷ്ണദാസ്, പ്രധാനമന്ത്രി പദ്ധതിയെ കയ്യൊഴിഞ്ഞതാണെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു.
ഡിപിആര്‍ ആണോ രാഷ്ട്രീയ തീരുമാനമാണോ അന്തിമാനുമതിക്കു പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ ഡിപിആര്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഉന്നയിച്ച സംശയങ്ങള്‍ക്കു മറുപടി നല്‍കിയെന്നും രാഷ്ട്രീയമായ എതിര്‍പ്പ് പദ്ധതിയോട് ഉണ്ടെന്നു കരുതുന്നില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതേസമയം, സാമ്പത്തിക സാധ്യത, പാരിസ്ഥിതിക വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണു റെയില്‍വേ മന്ത്രിയുടെ വിശദീകരണം.